ഹോട്ടലിൽ വെച്ചുള്ള കൂടിക്കാഴ്ച തള്ളി വിജയ്; യുഎസ് അംബാസഡർ സെർജിയോ ഗോർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചർച്ച നടത്തി

ഹോട്ടലിൽ വെച്ചുള്ള കൂടിക്കാഴ്ച തള്ളി വിജയ്; യുഎസ് അംബാസഡർ സെർജിയോ ഗോർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചർച്ച നടത്തി
Share Email

ചെന്നൈയിലെ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്താമെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ നിർദേശം തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തള്ളിയതായി റിപ്പോർട്ട്. യുഎസ് എംബസിയുടെ പരിപാടി നടക്കുന്ന ഹോട്ടലിൽ വെച്ച് കാണുന്നതിനേക്കാൾ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാകും ഉചിതമെന്ന് വിജയ് വ്യക്തമാക്കുകയായിരുന്നു. ഇതിനെത്തുടർന്ന് അംബാസഡർ സെർജിയോ ഗോർ സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ യുഎസ് അംബാസഡർ ആശംസകൾ നേർന്നു.

ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, തമിഴ്‌നാട്ടിലെ നിക്ഷേപ സാധ്യതകൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. സാങ്കേതികവിദ്യ, ഉത്പ്പാദനം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ചും ഇരുനേതാക്കളും സംസാരിച്ചു. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുഎസ് അംബാസഡർ നടത്തിയ ഒരു പരാമർശത്തിനെതിരെ തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

തമിഴ്‌നാടുമായുള്ള യുഎസിന്റെ സഹകരണത്തെ “രണ്ട് രാഷ്ട്രങ്ങൾ” തമ്മിലുള്ള സഹകരണമെന്ന് യുഎസ് അംബാസഡർ വിശേഷിപ്പിച്ചെന്നാണ് ബിജെപിയുടെ ആരോപണം. ഇന്ത്യ എന്നത് ഒറ്റ പരമാധികാര രാഷ്ട്രമാണെന്നും ഔദ്യോഗിക നയതന്ത്ര ആശയവിനിമയങ്ങൾ ഈ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാകണമെന്നും ബിജെപി നേതാവ് അശ്വത്ഥാമൻ ആവശ്യപ്പെട്ടു. യുഎസ് എംബസിയുടെ വാർത്താക്കുറിപ്പിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്നും, അബദ്ധത്തിൽ സംഭവിച്ചതെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയാത്തത്ര ഗൗരവമുള്ള ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അടിയന്തരമായി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Share Email
LATEST excelnclexrn
More Articles
Top