തൃശൂര്‍: ക്രൈസ്തവ പുരോഹിതരില്‍ ഇന്ത്യയില്‍ ആദ്യമായി കര്‍ണ്ണാടക സംഗീതത്തില്‍ ഡോക്ടറേറ്റ് ലഭിച്ച്, ‘പാടും പാതിരി’ എന്നറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കലിന് ഇഗ്നേഷ്യസ് സ്മാരക ടോംയാസ് പുരസ്‌കാരം. തൃശ്ശൂരിലെ ചേതന ഗാനാശ്രമത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് സി.എം.ഐ സഭാംഗമായ ഈ സംഗീതജ്ഞന്‍.
ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി, പിതാവ് തൈക്കാട്ടില്‍ ഇഗ്നേഷ്യസിന്റെ 50-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഒരു ലക്ഷം രൂപയും ശില്പവുമടങ്ങിയ ഈ പുരസ്‌കാരം. ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 3.30-ന് പേരാമംഗലം ടോംയാസ് ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവുമായിരുന്ന റഫീക്ക് അഹമ്മദും, കെ.പി. നമ്പൂതിരീസ് ആയുര്‍വേദിക്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ. ദേവദാസനും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിക്കും.
തൃശ്ശൂര്‍ വിയ്യൂര്‍ സ്വദേശിയായ ഈ ആശ്രമശ്രേഷ്ഠന്‍ ഡോ. അബ്ദുള്‍ കലാം പ്രസിഡന്റായിരിക്കുമ്പോള്‍ രാഷ്ട്രപതി ഭവനില്‍ കര്‍ണ്ണാടക സംഗീത കച്ചേരി നടത്തിയത് ഇന്ത്യ മുഴുവന്‍ വാര്‍ത്തയായിരുന്നു. യേശുദാസിന്റെ ശിഷ്യനായ ഇദ്ദേഹം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മനാടായ പാലക്കാട് ചെമ്പൈ ഗ്രാമത്തില്‍ എല്ലാ വര്‍ഷവും സംഗീത കച്ചേരി നടത്താറുണ്ട്.
അതേസമയം, ഫാ. പോള്‍ പൂവ്വത്തിങ്കലിന്റെ അമേരിക്കന്‍ സംഗീത യാത്ര വരുന്ന സെപ്റ്റംബര്‍ 14 മുതല്‍ നവംബര്‍ 24 വരെ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ അച്ചന്റെ ഓക്കോളജി വോയ്‌സ് വര്‍ക്ക്‌ഷോപ്പ്, ലൈറ്റ് ആന്റ് ഡിവോഷണല്‍ സിങ്ങിങ്ങ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. പല കാരണങ്ങളാല്‍ ശബ്ദം നഷ്ടപ്പെട്ട ആളുകള്‍ക്ക് ശബ്ദ തെറാപ്പിയിലൂടെ (വോക്കോളജി) ശബ്ദം വീണ്ടെടുത്ത് നല്കുന്ന സുന്ദര കര്‍മ്മത്തില്‍ വ്യാപൃതനാണ് സമര്‍പ്പിത ജീവിതം സ്വീകരിച്ച ഈ വൈദികന്‍.
അമേരിക്കന്‍ പഠനമാണ് പൂവത്തിങ്കല്‍ അച്ചനെ ശബ്ദമില്ലാത്തവരുടെ ആശ്രയമാക്കി മാറ്റിയത്. പഠനത്തിനു ശേഷം നാട്ടിലെത്തിയ ഇദ്ദേഹം 2006ല്‍ ചേതന നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് വോക്കോളജി സ്ഥാപിച്ചു. 2004ല്‍ സ്ഥാപിച്ച ചേതന സംഗീത നാട്യ അക്കാദമിയുടെ ഭാഗമായിരുന്നു ഇത്. സംഗീതം പഠിക്കാനെത്തുന്നവരുടെ ശബ്ദം നന്നാക്കിയെടുത്തു നടത്തിയ പരീക്ഷണമാണ് ഈ അക്കാദമിയിലേക്കു വഴിതുറന്നത്. അമേരിക്കയില്‍നിന്നും പഠിച്ചതിനു പുറമെ ഇപ്പോള്‍ ഇന്ത്യന്‍ രീതികള്‍ കൂടി ചേര്‍ക്കുകയും ചെയ്തു. പാശ്ചാത്യ വോക്കല്‍ സയന്‍സിന്റെ കൂടെ ഇന്ത്യന്‍ പ്രാണായാമം പോലുള്ളവകൂടി ചേര്‍ത്ത് ശബ്ദ ചികിത്സക്ക് ഒരു ഇന്ത്യന്‍ പാഠം തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം.
Fr. Paul Poovathingal honored with the Tomyas Award; His American tour is scheduled from September 14
















