pulimoottil

7 സൈനികരെ കൊലപ്പെടുത്തിയ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ പുതിയ ഭീഷണി, ലോകത്ത് എണ്ണ, ഗ്യാസ് വിതരണം സ്തംഭിപ്പിക്കും; അമേരിക്ക തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാൻ ശ്രമിക്കുന്നതായും ആരോപണം

7 സൈനികരെ കൊലപ്പെടുത്തിയ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ പുതിയ ഭീഷണി, ലോകത്ത് എണ്ണ, ഗ്യാസ് വിതരണം സ്തംഭിപ്പിക്കും; അമേരിക്ക തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാൻ ശ്രമിക്കുന്നതായും ആരോപണം

തങ്ങളുടെ സൈന്യത്തെ ആക്രമിച്ച് മേഖലയിൽ തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. ഇറാൻഷഹറിലെ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ ഈ ഗുരുതര ആരോപണം. ഇത്തരത്തിലാണ് അമേരിക്കയുടെ നീക്കങ്ങളെങ്കിൽ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം പൂർണ്ണമായും സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തെക്കൻ ഇറാനിൽ അമേരിക്ക നടത്തിയ ഏഴ് മണിക്കൂർ നീണ്ട കനത്ത വ്യോമാക്രമണത്തിൽ 30 സാധാരണക്കാരും ഏഴ് സൈനികരും കൊല്ലപ്പെട്ടതോടെ മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

തെക്കുകിഴക്കൻ ഇറാനിലെ സിസ്താൻ ബലൂചിസ്താൻ പ്രവിശ്യയിലുള്ള ബാംപൂർ സൈനിക ബാരക്കിലേക്ക് 13 മിസൈലുകൾ അയച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. പാക് – അഫ്ഗാൻ അതിർത്തിയിൽ ഇറാൻ സൈന്യത്തെ ദുർബലമാക്കി ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് യുഎസ് ലക്ഷ്യമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ജനവാസ മേഖലകളിലെ ധാന്യ സംഭരണശാലകളും കുടിവെള്ള പ്ലാന്റുകളും അമേരിക്കൻ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഇതിന് തിരിച്ചടിയായി ഒമാൻ തീരം വഴിയുള്ള കപ്പലുകൾ തടയുമെന്നും ഒന്നുകിൽ എല്ലാവർക്കും അല്ലെങ്കിൽ ആർക്കുമില്ല എന്നതായിരിക്കും തങ്ങളുടെ സമീപനമെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം കുവൈത്തിലെ യുഎസ് വെയർഹൗസ്, ബഹ്റൈനിലെ സൈനിക ഉപകരണ കേന്ദ്രം, ജോർദാനിലെ വ്യോമതാവളം എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാനുമായി ബന്ധമുള്ള അൻപതോളം ഷിപ്പിങ് കമ്പനികൾക്കും കപ്പലുകൾക്കും അമേരിക്ക പുതിയ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഭീഷണികൾക്ക് വഴങ്ങിയില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധഭീതി പുതിയ തലത്തിലേക്ക് ഉയർന്നു.

Share Email
LATEST excelnclexrn
More Articles
Top