കീവ്: റഷ്യയും യുക്രയിനും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമാകുന്നു. റഷ്യ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 113-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ മരണസംഖ്യ പുറത്തുവിട്ടത്. യുക്രൈന്‍ ദേശീയ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 113 ലധികമാണ്. യുക്രൈന്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചതനുസരിച്ച് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം കീവ് നഗരമായിരുന്നു.
കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അതിതീവ്രവുമായ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും പരിക്കേറ്റവര്‍ക്ക് സഹായം നല്‍കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
റഷ്യന്‍ ആക്രമണത്തില്‍ നഗരത്തിലെ 20-ലധികം സ്ഥലങ്ങളില്‍ നാശനഷ്ടമുണ്ടായി. ഇതില്‍ ഭൂരിഭാഗവും സാധാരണ ജനവാസ കേന്ദ്രങ്ങളാണ്. ആംബുലന്‍സ് സ്റ്റേഷന്‍, ഗവേഷണ സ്ഥാപനം, ഹോട്ടല്‍, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്, യുക്രയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കി.
രാത്രിയിലുണ്ടായ ആക്രമണത്തില്‍ റഷ്യ 70-ലധികം മിസൈലുകളും, അതില്‍ പകുതിയോളം ബാലിസ്റ്റിക് മിസൈലുകളും, 500-ഓളം ഡ്രോണുകളും പ്രയോഗിച്ചതായി സെലന്‍സ്‌കി അറിയിച്ചു.കീവിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ആഘാതമേറ്റത് ഡാര്‍നിറ്റ്‌സ്‌കി ജില്ലയിലാണ്. ഇവിടെ ഒമ്പത് നിലകളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ ഭാഗം തകര്‍ന്നുവീണ് നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. 15 വയസുള്ള ഒരു പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ നിരവധി പേരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.
ഹൊളോസിവ്‌സ്‌കി ജില്ലയില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിന്റെ മേല്‍ക്കൂരയില്‍ തീപിടിത്തമുണ്ടായി. നഗരമധ്യത്തിലുള്ള ഷെവ്ചെന്‍കിവ്‌സ്‌കി ജില്ലയില്‍ ഒരു ഹോട്ടലിന്റെ മേല്‍ക്കൂരയ്ക്കും തീപിടിച്ചതായി മേയര്‍ അറിയിച്ചു.
ആക്രമണം തുടരുന്നതിനിടെ ജനങ്ങള്‍ സുരക്ഷാ ബങ്കറുകളില്‍ തന്നെ തുടരണമെന്ന് ക്ലിറ്റ്ഷ്‌കോ അഭ്യര്‍ഥിച്ചു. റഷ്യന്‍ ഡ്രോണുകളുടെ ഭീഷണി നിലനിന്നതിനാല്‍ വ്യോമാക്രമണ മുന്നറിയിപ്പ് പകല്‍ സമയത്തും തുടര്‍ന്നു.
ആദ്യഘട്ടത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, അതില്‍ 32 പേരെ ആശുപത്രിയിലേക്ക് മാറ്റുകയും രണ്ടുപേര്‍ക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നല്‍കുകയും ചെയ്തതായി മേയര്‍ അറിയിച്ചു.
കീവിന് നേരെയുണ്ടായ ഈ ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പ് യുക്രൈന്‍ സൈന്യം റഷ്യയിലെ ഉഫയിലെ വലിയ എണ്ണശുദ്ധീകരണശാലയിലും പെന്‍സ മേഖലയിലെ സൈനിക സമുച്ചയത്തിലും ആക്രമണം നടത്തിയിരുന്നു. അതിന് തലേദിവസം മോസ്‌കോ മേഖലയിലെ ഉപഗ്രഹ ആശയവിനിമയ കേന്ദ്രവും യുക്രൈന്‍ ലക്ഷ്യമിട്ടതായി സെലന്‍സ്‌കി പറഞ്ഞു.
റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുക്രൈന്‍ ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം ഇപ്പോള്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്.
Massive Russian missile attack on Ukraine: 27 killed.
















