ഡൽഹി : ഇറാഖിൽ നിന്നുള്ള ഏകദേശം 20 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി പുറപ്പെട്ട ‘എംടി സൻമാർ ഹെറാൾഡ്’ എന്ന എണ്ണക്കപ്പൽ ഒഡീഷയിലെ പരദീപ് തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലിന്റെ യാത്ര അതീവ അപകടം പിടിച്ചതായിരുന്നു. യാത്രാമധ്യേ കപ്പലിന് നേരെ വെടിവെയ്പുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറാഖിൽ നിന്നുള്ള ‘ബസ്ര മീഡിയം’, ‘ബസ്ര ഹെവി’ ഇനങ്ങളിൽപ്പെട്ട അസംസ്‌കൃത എണ്ണയാണ് കപ്പലിൽ ഉണ്ടായിരുന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, ഹോർമുസ് കടലിടുക്കിലെ ഇറാൻ അതിർത്തിക്ക് സമീപത്തുകൂടി സഞ്ചരിക്കുമ്പോഴാണ് കപ്പലിന് നേരെ വെടിവെയ്പുണ്ടായത്. ആക്രമണത്തിൽ കപ്പലിന്റെ നിയന്ത്രണ മുറിയുടെ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വെടിയുണ്ടകളുടെയും ഷെല്ലുകളുടെയും ചില്ലറുകൾ തെറിച്ച് കപ്പലിന് നാശനഷ്ടം സംഭവിച്ചെങ്കിലും, ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ കപ്പൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.
















