ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള എല്ലാ എംപിമാരെയും വിട്ടയച്ചു. ഛത്രസാൽ പോലീസ് സ്റ്റേഷനിൽ നിന്ന് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ് എന്നിവരെയും മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ നിന്ന് പ്രിയങ്ക ഗാന്ധിയെയുമാണ് വിട്ടയച്ചത്. സ്റ്റേഷനുകൾക്ക് മുന്നിൽ പ്രവർത്തകർ വൻതോതിൽ തടിച്ചുകൂടി സംഘർഷസാധ്യത ഉയർന്നതോടെ രാത്രി ഒമ്പതരയോടെയാണ് നേതാക്കളെ പോലീസ് പുറത്തുവിട്ടത്. സോണിയ ഗാന്ധി മന്ദിർ മാർഗ് സ്റ്റേഷനിലെത്തി പ്രിയങ്കയെയും പ്രവർത്തകരെയും കണ്ടിരുന്നു.
പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയ പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനുമെതിരെ ആഞ്ഞടിച്ചു. പോലീസിന്റെ ബലപ്രയോഗത്തിനിടെ തന്റെ വസ്ത്രമടക്കം വലിച്ചുകീറിയെന്ന് അവർ ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക, സംഭവത്തിൽ പ്രതിഷേധിച്ച് നാളെ മുതൽ പാർലമെന്റിലും പുറത്തും അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, മുന്നോട്ടുവെച്ച 3 ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കൽ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റിൽ വിശദമായ ചർച്ച എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ജനപ്രതിനിധികളോട് പോലീസ് കാണിച്ചത് നിഷ്ഠൂരമായ പെരുമാറ്റമാണെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















