ടെഹ്റാൻ: ടെഹ്‌റാൻ അംഗീകരിച്ച വഴികളിലൂടെയല്ലാതെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ കടുത്ത മുന്നറിയിപ്പുകൾ നൽകിയിട്ടും, ഹോർമുസ് കടലിടുക്കിൽ ഒമാൻ നിശ്ചയിച്ച പുതിയ സമുദ്രപാതയിലൂടെ കപ്പലുകൾ യാത്ര തുടരുന്നു. അൽ ജസീറ പരിശോധിച്ച സമുദ്ര ഗതാഗത വിവരങ്ങൾ പ്രകാരം, ജൂൺ 29-ന് ഇറാനും ഒമാനും തമ്മിലുള്ള സംയുക്ത ഹോർമുസ് കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം എണ്ണ ടാങ്കറുകൾ ഉൾപ്പെടെ 21 കപ്പലുകളാണ് ഒമാൻ പാത ഉപയോഗിച്ച് കടന്നുപോയത്.
ഹോർമുസിലെ കപ്പൽ ഗതാഗതവും അനുബന്ധ സേവനങ്ങളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഈ സംയുക്ത സമിതി രൂപീകരിച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ഏകോപനത്തോടെയാണ് തങ്ങൾ ഈ പുതിയ യാത്രാ പാത പ്രഖ്യാപിച്ചതെന്ന് ഒമാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ഒമാന്റെ മുസന്ദം ഉപദ്വീപിന് സമീപത്തുകൂടി കടന്നുപോകുന്ന ഈ പുതിയ പാത, ഗൾഫ് മേഖലയിൽ നിലവിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ കപ്പലുകൾക്ക് കുറഞ്ഞ ദൂരത്തിൽ സൗജന്യമായി കടന്നുപോകാനുള്ള അവസരമാണ് ഒരുക്കുന്നത്. എന്നാൽ, തങ്ങൾ അംഗീകരിക്കാത്ത ഈ ഒമാൻ പാതയ്ക്കെതിരെ ഇറാൻ കടുത്ത നിലപാട് സ്വീകരിക്കുന്നത് വരും ദിവസങ്ങളിൽ ഈ ജലപാതയിലെ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.














