തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. വിവിധ സര്‍ക്കാര്‍ തസ്തികകളിലെ താത്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ നടപടി. ഒഴിവുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാര്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിച്ചതിന് പിന്നാലെ, പിഎസ്സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ലഭിച്ച ഒട്ടനവധി പരാതികളില്‍ സര്‍ക്കാര്‍ നേരിട്ടുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയായി സര്‍ക്കാരിന് ലഭിക്കുന്ന പരാതികളില്‍ ഭൂരിഭാഗവും പിഎസ്സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ്. മുന്‍പ് ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍ അത് പിഎസ്സിക്ക് തന്നെ കൈമാറുന്ന പഴയ രീതി ഇനി തുടരേണ്ടതില്ലെന്നാണ് ഭരണനേതൃത്വത്തിന്റെ തീരുമാനം. ഔദ്യോഗിക അന്വേഷണം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ പരാതികള്‍ അന്വേഷണ സംഘത്തിന് കൈമാറും. പിഎസ്സിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളില്‍ അഞ്ചു വര്‍ഷമായി യാതൊരുവിധ തുടര്‍നടപടികളും ഉണ്ടാകുന്നില്ലെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആക്ഷേപവും ശക്തമാണ്.
സമീപകാലത്ത് നടന്ന പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ചും വിപുലമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ആസൂത്രണ ബോര്‍ഡിലേക്ക് നടത്തിയ പരീക്ഷയില്‍ യോഗ്യത നിശ്ചയിച്ചതിലുണ്ടായ വീഴ്ചയെക്കുറിച്ച് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
The government has issued strict instructions to departments to report vacancies accurately.
















