pulimoottil

നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയ മഹാരാജ്യം; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യപ്പുലരിയില്‍ നിറനന്ദിയോടെ…

നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയ മഹാരാജ്യം; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യപ്പുലരിയില്‍ നിറനന്ദിയോടെ…

സൈമണ്‍ വളാച്ചേരില്‍
(ചീഫ് എഡിറ്റര്‍)

അമേരിക്കന്‍ ഐക്യനാടുകള്‍ അതിന്റെ ചരിത്രപരമായ 250-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ സുദിനം ലോക ചരിത്രത്തില്‍ത്തന്നെ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട ഒന്നാണ്. സ്വാതന്ത്ര്യം, സമത്വം, തുല്യനീതി എന്നീ മഹത്തായ മാനവിക മൂല്യങ്ങളിലൂന്നി പടുത്തുയര്‍ത്തപ്പെട്ട ഈ മഹാരാഷ്ട്രത്തിന്റെ ജന്മദിനത്തില്‍, ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്കൊപ്പം സവിശേഷമായ ഒരു കൃതജ്ഞതാബോധത്തോടെയും അഭിമാനത്തോടെയുമാണ് മലയാളി സമൂഹം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കുടിയേറ്റ ജനത പങ്കുചേരുന്നത്.

തൊഴിലിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കുമായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ മണ്ണിലേക്ക് കപ്പല്‍ കയറിയവരും വിമാനം ഇറങ്ങിയവരുമാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അന്ന് അപരിചിതമായ ഒരു സംസ്‌കാരത്തിലേക്കും ഭൂപ്രദേശത്തേക്കും വരുമ്പോള്‍ ഭാവിയെക്കുറിച്ചുള്ള വലിയ ആശങ്കകളും, ഒപ്പം കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും മാത്രമായിരുന്നു നമ്മുടെ കൈമുതല്‍. എന്നാല്‍, ജാതിയോ മതമോ വര്‍ണ്ണമോ നോക്കാതെ, കഴിവുള്ളവനെയും അധ്വാനിക്കുന്നവനെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന അമേരിക്കന്‍ വ്യവസ്ഥിതി നമ്മെ നിരാശരാക്കിയില്ല. മറിച്ച്, അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ രാജ്യം നമ്മെ അതിന്റെ സ്വന്തം ജനതയായി ചേര്‍ത്തുപിടിക്കുകയും വളര്‍ത്തുകയും ചെയ്തു.

പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് അമേരിക്ക നമുക്ക് പ്രിയപ്പെട്ടതാകുന്നത്. ഒന്ന്, സാമ്പത്തിക സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിതസാഹചര്യവുമാണ്. ഒരു കുടിയേറ്റക്കാരന് അമേരിക്ക നല്‍കുന്ന ഏറ്റവും വലിയ സമ്മാനം അവര്‍ അര്‍ഹിക്കുന്ന സാമ്പത്തിക സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതസാഹചര്യവുമാണ്. അത് തികഞ്ഞ അഭിമാനത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയും നാം അനുഭവിക്കുന്നു. രണ്ടാമത്തേത് അവസരങ്ങളുടെ സമത്വമാണ്. നേഴ്‌സിംഗ് മേഖലയിലൂടെ തുടക്കമിട്ട്, ഇന്ന് ഐ.ടി, ബിസിനസ്, ശാസ്ത്രം, വിദ്യാഭ്യാസം, രാഷ്ട്രീയം, വ്യവസായം തുടങ്ങി സമസ്ത മേഖലകളിലും മലയാളി സാന്നിധ്യം ശക്തമാണ്. കഠിനാധ്വാനത്തിനുള്ള ആദരമാണ് മൂന്നമതായി ചൂണ്ടിക്കാണിക്കാനുള്ളത്. ഒരാളുടെ പശ്ചാത്തലം എന്തായാലും, കഠിനാധ്വാനം ചെയ്യാന്‍ മനസുണ്ടെങ്കില്‍ അവര്‍ക്ക് ആകാശത്തോളം ഉയരാന്‍ ഈ മണ്ണ് അനുവാദം നല്‍കുന്നു.

അമേരിക്ക നല്‍കിയ ഈ വലിയ സാമ്പത്തിക അടിത്തറയാണ് നാട്ടിലുള്ള നമ്മുടെ കുടുംബങ്ങളുടെ അഭിവൃദ്ധിക്കും, കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കും വലിയൊരു പരിധിവരെ കാരണമായത്. നാം ജനിച്ച മണ്ണ് നമ്മെ ആരാക്കി മാറ്റിയോ, അതിനേക്കാള്‍ വലിയ നിലയില്‍ നമ്മെ വളര്‍ത്തിയെടുത്തത് നാം ജീവിക്കുന്ന ഈ കര്‍മ്മഭൂമിയാണ്. അതുകൊണ്ടുതന്നെ ഈ നാടിനോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കാവുന്നതല്ല.

നമ്മുടെ സാംസ്‌കാരിക അസ്തിത്വം കാത്തുസൂക്ഷിക്കാന്‍ അമേരിക്ക നല്‍കുന്ന സ്വാതന്ത്ര്യം സമാനതകളില്ലാത്തതാണ്. പള്ളികളും ക്ഷേത്രങ്ങളും അസോസിയേഷനുകളും സ്ഥാപിച്ച്, ഓണവും ക്രിസ്മസും വിഷുവും പെരുന്നാളുമെല്ലാം അതേ പരമ്പരാഗത പ്രൗഢിയോടെ ആഘോഷിക്കാന്‍ നമുക്ക് സാധിക്കുന്നത് ഈ രാജ്യത്തിന്റെ വിശാലമായ ജനാധിപത്യ സംസ്‌കാരം കൊണ്ടാണ്. അമേരിക്കന്‍ പൗരന്മാരായി ജീവിക്കുമ്പോഴും നമ്മുടെ ഉള്ളിലെ ‘മലയാളിത്തം’ കാത്തുസൂക്ഷിക്കാന്‍ ഈ രാജ്യം നമുക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നു. അമേരിക്ക അതിന്റെ 250 വര്‍ഷങ്ങള്‍ പിന്നിട്ട് പുതിയൊരു കാലഘട്ടത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഈ രാജ്യത്തിന്റെ നിര്‍മ്മിതിയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം. നമ്മുടെ രണ്ടാം തലമുറയും മൂന്നാം തലമുറയും ഇന്ന് ഈ രാജ്യത്തിന്റെ നട്ടെല്ലായി മാറിക്കൊണ്ടിരിക്കുകയാണ്.

നമുക്ക് അഭയവും, മികച്ച ഉപജീവനമാര്‍ഗ്ഗവും, നമ്മുടെ കുട്ടികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും നല്‍കി അനുഗ്രഹിച്ച ഈ പുണ്യഭൂമിയോട് ഈ ചരിത്രമുഹൂര്‍ത്തത്തില്‍ നമുക്ക് ഹൃദയം തുറന്ന് നന്ദി പറയാം. അമേരിക്കയുടെ വരുംകാല വളര്‍ച്ചയിലും ഐശ്വര്യത്തിലും ഒരു വിശ്വസ്ത പങ്കാളിയായി മലയാളി സമൂഹം എപ്പോഴും മുന്‍പന്തിയിലുണ്ടാകും എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

ഈ മഹത്തായ രാജ്യത്തിന്, സ്വാതന്ത്ര്യത്തിന്റെ പ്രതീകത്തിന്, ഹൃദ്യമായ 250-ാം ജന്മദിനാശംസകള്‍..!

The great nation that gave wings to our dreams; with full gratitude on America’s 250th dawn of freedom…

Share Email
Top