വാഷിംഗടണ്‍: റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച 500 ശതമാനം തീരുവ 100 ശതമാനമായി കുറച്ച് അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ റഷ്യ ഉപരോധ ബില്ലിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഇതോടെ റഷ്യന്‍ ഊര്‍ജ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാംയും ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍താല്‍യും ചേര്‍ന്ന് അവതരിപ്പിച്ച ഉഭയകക്ഷി ബില്ലിന്റെ ഭേദഗതി പതിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ ബില്‍ നിയമമായാല്‍, റഷ്യന്‍ ഊര്‍ജം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ പരമാവധി 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താനുള്ള അധികാരം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിക്കും.
യുക്രെയ്‌നിനെതിരായി നാല് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയ്ക്കു മേല്‍ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുകന്നതിന്റെ ഭാഗമായുള്ള നീക്കമാണ് അമേരിക്ക നടത്തിവന്നത്.
റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ അഞ്ച് ഉപഭോക്തൃരാജ്യങ്ങള്‍ ചൈന, ഇന്ത്യ, സ്ലോവാക്യ, ഹംഗറി, അസര്‍ബൈജാന്‍ എന്നിവയാണ്. അതേസമയം റഷ്യന്‍ പ്രകൃതി വാതകത്തിന്റെ പ്രധാന ഇറക്കുമതിക്കാര്‍ ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ഹംഗറി, ബെല്‍ജിയം എന്നിവരാണ്.പുതിയ ബില്ലില്‍ റഷ്യന്‍ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന മൂന്നാം കക്ഷി രാജ്യങ്ങള്‍ക്കെതിരായ തീരുവ 500 ശതമാനത്തില്‍ നിന്ന് പരമാവധി 100 ശതമാനമായി കുറച്ചിട്ടുണ്ട്.റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍, അതും ആ ഇറക്കുമതി കുറയ്ക്കുന്നതിനുള്ള ഗൗരവമായ നടപടികള്‍ സ്വീകരിക്കുന്നുവെങ്കില്‍, അവയ്ക്ക് ഇളവ് അനുവദിക്കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ജപ്പാന്‍, ഫ്രാന്‍സ്, ഹംഗറി, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ക്ക് ലഭിച്ചേക്കും.
മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി ബില്ലിലെ ചില കടുത്ത വ്യവസ്ഥകള്‍ ലഘൂകരിച്ചതെന്ന് സെനറ്റ് സഹായിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രസിഡന്റ് ട്രംപ്, ഇറാനും ഹിസ്ബുല്ലയും സംബന്ധിച്ച ഉപരോധങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞു. അതേസമയം ബില്‍ കോണ്‍ഗ്രസില്‍ പാസായി നിയമമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
The US has reduced the 500 percent tariff imposed on countries importing Russian oil and natural gas to 100 percent.














