pulimoottil

മൂന്നുദിവസത്തിനുള്ളിൽ ഇറാനിൽ ശക്തമായ ആക്രമണം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി

മൂന്നുദിവസത്തിനുള്ളിൽ ഇറാനിൽ ശക്തമായ ആക്രമണം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി

ഇറാനെതിരെയുള്ള സൈനിക നടപടികൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണങ്ങൾ ഉണ്ടാകുമെന്നും, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നുമാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാൻ ചർച്ചാ മേശയിലേക്ക് വരാൻ തയ്യാറാകാത്ത പക്ഷം അടുത്ത ആഴ്ച മുതൽ ഇറാന്റെ പവർ പ്ലാന്റുകളും പ്രധാന പാലങ്ങളും ഉൾപ്പെടെയുള്ളവ തകർക്കുമെന്നും ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതിയുടേതെന്ന് സംശയിക്കുന്ന പിക് ആക്‌സ് മൗണ്ടൻ എന്ന ഭൂഗർഭ കേന്ദ്രത്തെ യുഎസ് കർശനമായി നിരീക്ഷിച്ചു വരികയാണെന്നും അവിടെ സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കടുത്ത ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക ശേഷിയെ തകർക്കുക എന്നതാണ് യുഎസിന്റെ പ്രധാന ലക്ഷ്യം. നിലവിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ നിലയങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ തുടർച്ചയായ നാലാം ദിവസവും യുഎസ് സൈന്യം കനത്ത ആക്രമണം നടത്തിയിരുന്നു.

ഇറാന് മേൽ സൈനിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനായി വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരടങ്ങുന്ന ഉന്നതതല സുരക്ഷാ സംഘവുമായി ട്രംപ് പ്രത്യേക കൂടിക്കാഴ്ച നടത്തി. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കിലെ സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കാനുമുള്ള ആവശ്യങ്ങൾ അംഗീകരിപ്പിക്കാനാണ് അമേരിക്കയുടെ ഈ കടുത്ത നീക്കങ്ങൾ. എന്നാൽ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ.

Share Email
LATEST excelnclexrn
More Articles
Top