pulimoottil

യുഎസിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ ലേക്ക് പവലിലെ ജലനിരപ്പ് അപകടകരമായ നിരക്കില്‍ താഴ്ന്നു: വൈദ്യുതോത്പാദനം നിലച്ചേക്കും

യുഎസിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ ലേക്ക് പവലിലെ ജലനിരപ്പ് അപകടകരമായ നിരക്കില്‍ താഴ്ന്നു: വൈദ്യുതോത്പാദനം നിലച്ചേക്കും

വാഷിംഗ്ടണ്‍: അമേരിക്കയിലെ രണ്ടാമത്തെ വലിയ ജലാശയമായ ലേക്ക് പവലിലെ ജലനിരപ്പ് അപകടമായ നിരക്കില്‍ താഴ്ന്നു. ഇതോടെ ഈ അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോത്പാദനം നിലയ്ക്കുന്ന സ്ഥിതിയിലേക്ക്. അമേരിക്കന്‍ ബ്യൂറോ ഓഫ് റിക്ലമേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, തിങ്കളാഴ്ച ലേക്ക് പവലിലെ ജലനിരപ്പ് സമുദ്രനിരപ്പില്‍ നിന്ന് 3,524.3 അടി ആണ്. ജലനിരപ്പ് ഇനിയും കുറഞ്ഞാല്‍ അണക്കെട്ടിലെ ജലവൈദ്യുത ഉല്‍പ്പാദനം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഡാമിലെ ജലനിരപ്പ് 3,490 അടിയിലെത്തുമ്പോള്‍ ‘ഡെഡ് പവര്‍ പൂള്‍’ എന്ന സ്ഥിതിയിലേക്ക് ജലാശയം പ്രവേശിക്കും അതോടെ വൈദ്യുതി ഉല്‍പ്പാദനം പൂര്‍ണമായും നിലയ്ക്കുമെന്ന് ബ്യൂറോ ഓഫ് റിക്ലമേഷനിലെ പബ്ലിക് അഫയേഴ്‌സ് വിഭാഗം പ്രതിനിധി പീറ്റര്‍ സോത്ത് വ്യക്തമാക്കി.1960 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കുറവ് ജലം സംഭരിച്ചു നില്ക്കുന്ന സമയമാണിതെന്നു ് യൂട്ടാ സ്റ്റേറ്റ് സര്‍വകലാശാലയിലെ കൊളറാഡോ നദി പഠന കേന്ദ്രം ഡയറക്ടര്‍ ജാക്ക് ഷ്മിറ്റ് പറഞ്ഞു.ജലനിരപ്പ് 3,500 അടിക്ക് താഴെയായാല്‍ ജലാശയത്തിന്റെ പ്രവര്‍ത്തനം വളരെ സങ്കീര്‍ണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡെഡ് പൂള്‍’ വന്നാല്‍ അരിസോണ, കാലിഫോര്‍ണിയ, നെവാഡ സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ജലവിതരണം ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ശൈത്യകാലത്ത് ആവശ്യത്തിന് മഞ്ഞുവീഴ്ച ലഭിക്കാത്തതിനാല്‍ ജലനിരപ്പ് അപകടകരമായി കുറയുമെന്ന് ജലശാസ്ത്ര വിദഗ്ധര്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയുടെ മൂന്നില്‍ രണ്ടിലേറെയും ഇപ്പോഴും വരള്‍ച്ചയുടെ പിടിയിലാണ്. കൊളറാഡോ നദീതടത്തിന്റെ വലിയൊരു ഭാഗം കടുത്തതോ അതിതീവ്രമായതോ ആയ വരള്‍ച്ചയാണ് നേരിടുന്നത്.

വരും ദിവസങ്ങളില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പ്രവചിക്കുന്നു.മണ്‍സൂണ്‍ കാലാവസ്ഥയും ശക്തിപ്രാപിക്കുന്ന എല്‍ നിനോ പ്രതിഭാസവും കൂടുതല്‍ മഴയ്ക്ക് സാധ്യത സൃഷ്ടിച്ചേക്കും.എന്നാല്‍ ദീര്‍ഘകാലമായി തുടരുന്ന വരള്‍ച്ചയും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മഞ്ഞുവീഴ്ചയും മൂലമുണ്ടായ ജലക്ഷാമം ഈ മഴകൊണ്ട് പരിഹരിക്കാനാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Water levels at Lake Powell, the second-largest dam in the US, have dropped to dangerous lows; power generation could halt.

Share Email
LATEST excelnclexrn
More Articles
Top