ജറുസലേം: സൗദി അറേബ്യക്ക് സിവിലിയൻ ആണവ സാങ്കേതികവിദ്യ കൈമാറാനുള്ള അമേരിക്കൻ തീരുമാനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൗനം തുടരുമ്പോഴും, വൻ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. തന്ത്രപ്രധാനമായ വലിയൊരു തിരിച്ചടിയായാണ് ഇസ്രായേലിലെ രാഷ്ട്രീയ എതിരാളികൾ ഈ കരാറിനെ വീക്ഷിക്കുന്നത്. സൗദി അറേബ്യയ്ക്ക് സിവിലിയൻ ആണവ പദ്ധതി അനുവദിക്കുന്നത് ഭാവിയിൽ അവർ ആണവായുധങ്ങൾ നിർമ്മിക്കുന്നതിലേക്ക് നയിക്കുമെന്നും, പശ്ചിമേഷ്യയിൽ വൻ ആയുധ മത്സരത്തിന് ഇത് വഴിവെക്കുമെന്നും ഇസ്രായേൽ ബെയ്തെന്നു പാർട്ടി നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ അവിഗ്ദോർ ലീബർമാൻ പറഞ്ഞു.
ഈ നീക്കം ഇസ്രായേലിന് കടുത്ത ഭീഷണിയാണെന്ന് ഡെമോക്രാറ്റ്സ് പാർട്ടി അധ്യക്ഷനും മുൻ മിലിട്ടറി ജനറലുമായ യായർ ഗോലാൻ വ്യക്തമാക്കി. സൗദിയുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ നെതന്യാഹു, അതേസമയം സൗദിക്ക് ആണവ ശേഷി കൈവരിക്കാൻ വഴി തുറന്നുകൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് സൗദിയുമായുള്ള ആണവ സഹകരണം ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ മുതിർന്ന ഗവേഷകൻ യോയൽ ഗുസാൻസ്കി ചൂണ്ടിക്കാട്ടി.
എന്നാൽ 2023 ഒക്ടോബർ 7 ലെ ആക്രമണത്തിനും തുടർന്നുണ്ടായ യുദ്ധത്തിനും ശേഷം ഈ സാഹചര്യം മാറി. നിലവിലെ ഇസ്രായേൽ സർക്കാരിന്റെ തീവ്ര നിലപാടുകൾ കാരണം നയതന്ത്ര ബന്ധത്തിന് സാധ്യതയില്ലെങ്കിലും, യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ ആണവ ശേഷി നേടിയെടുക്കാൻ കഴിഞ്ഞത് സൗദി അറേബ്യയുടെ വൻ നേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തി. മേഖലയിലെ മറ്റ് രാജ്യങ്ങളും ഇതേ മാതൃകയിൽ ആണവ ശേഷിക്കായി സമ്മർദ്ദം ചെലുത്താൻ ഇത് കാരണമാകുമെന്നും, മേഖലയിൽ ആയുധ വ്യാപനത്തിന് ഇത് വഴിവെക്കുമെന്നും ഗുസാൻസ്കി മുന്നറിയിപ്പ് നൽകി. കരാർ പൂർണ്ണമായി തടയാൻ ഇസ്രായേലിന് കഴിഞ്ഞില്ലെങ്കിലും, യുഎസ് കോൺഗ്രസ് വഴി പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കാൻ ഇസ്രായേലിന് ശ്രമിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














