swayamvara
pulimoottil

അമേരിക്കയുടെ ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ പിന്നിട്ടു

അമേരിക്കയുടെ ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ പിന്നിട്ടു

വാഷിംഗ്ടണ്‍: അമേരിക്കയുടെ ദേശീയ കടം ആദ്യമായി 40 ട്രില്യണ്‍ ഡോളര്‍ പിന്നിട്ടു. പ്രതിരോധ ചെലവുകള്‍, സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയര്‍ തുടങ്ങിയ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും വര്‍ധിച്ചുവരുന്ന കടത്തിന്റെ പലിശയ്ക്കുമായി വന്‍തുക ചെലവഴിക്കുന്ന സാഹചര്യത്തിലാണ് കടം റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ദേശീയ കടം 39 ട്രില്യണ്‍ ഡോളറിലെത്തിയത്.

തുടര്‍ന്ന് അഞ്ച് മാസത്തിനുള്ളിലാണ് കടം 39 ട്രില്യണ്‍ ഡോളറില്‍ നിന്ന് 40 ട്രില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നത്. ഇതിന് മുമ്പ് കഴിഞ്ഞ ഒക്ടോബറിലാണ് കടം 38 ട്രില്യണ്‍ ഡോളറിലെത്തിയത്. നികുതിയായി സര്‍ക്കാര്‍ സമാഹരിക്കു ന്നതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കുന്നതാണ് കടം തുടര്‍ച്ചയായി ഉയരാന്‍ പ്രധാന കാരണം.

വര്‍ധിച്ചുവരുന്ന ദേശീയ കടം സാധാരണ അമേരിക്കക്കാരെയുംബാധിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വീടുകള്‍ക്കും കാറുകള്‍ക്കുമുള്ള വായ്പകളുടെ ചെലവ് ഉയരുന്നതിനൊപ്പം, ബിസിനസുകള്‍ക്ക് നിക്ഷേപിക്കാന്‍ ലഭിക്കുന്ന പണം കുറയുന്നത് വേതനത്തെയും ബാധിച്ചേക്കാം. അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരാനും ഇതുവഴി സാധ്യതയുണ്ട്.

കോവിഡ് മഹാമാരിക്കാലത്ത് സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനും തിരിച്ചുവരവിന് പിന്തുണ നല്‍കാനും അമേരിക്കന്‍ സര്‍ക്കാര്‍ വന്‍തോതില്‍ കടമെടുത്തിരുന്നു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്തും സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ട്രംപ് ഒപ്പുവെച്ച നികുതി കുറയ്ക്കലും സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കലും ഉള്‍പ്പെട്ട നിയമവും കടബാധ്യത ഉയരുന്നതിന് കാരണമായതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ നിലവിലെ ധനകാര്യ പാത സുസ്ഥിരമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ഫെഡറല്‍ സര്‍ക്കാരിന് കടമെടുക്കാന്‍ നിയമപരമായ പരിധിയുണ്ട്. അമേരിക്കയുടെ കടം 41.1 ട്രില്യണ്‍ ഡോളറിലെത്താന്‍ സാധ്യതയുള്ളത് 2027-ന്റെ തുടക്കത്തിലാണെന്നാണ് സമ്പത്തീക വിദഗ്ധരുടെ കണക്കുകൂട്ടല്‍.അങ്ങനെ വന്നാല്‍ കടപരിധി ഉയര്‍ത്തുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് വീണ്ടും തീരുമാനമെടുക്കേണ്ടിവരും.

America's national debt has crossed $40 trillion.
Share Email
Top