swayamvara
pulimoottil

എട്ടാം ക്ലാസുകാരി മുത്തച്ഛനെ കൊലപ്പെടുത്തുന്നതിനു ക്വട്ടേഷന്‍ നല്കി: കൊലപാതകം വീഡിയോ കോളിലൂടെ തല്‍സമയം കണ്ടു

എട്ടാം ക്ലാസുകാരി മുത്തച്ഛനെ കൊലപ്പെടുത്തുന്നതിനു ക്വട്ടേഷന്‍ നല്കി: കൊലപാതകം വീഡിയോ കോളിലൂടെ തല്‍സമയം കണ്ടു

ആലപ്പുഴ: പതിമൂന്നുകാരി തന്റെ മുത്തച്ഛനെ കൊലപ്പെടുത്താനായി സുഹൃത്തുക്കള്‍ക്ക്് ക്വട്ടേഷന്‍ നല്‍കി. തുടര്‍ന്ന് സുഹൃത്തുക്കള്‍ കൊലപാതകം നടത്തുമ്പോള്‍ അത് നേരിട്ട് വീഡിയോ കോളിലൂടെ കണ്ടു. കരുവാറ്റയില്‍ 67-കാരനായ ശിവന്‍കുട്ടിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ശിവന്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ 13-കാരിയായ കൊച്ചുമകള്‍ വിഡിയോ കോളിലൂടെ തത്സമയം കണ്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കൊച്ചുമകള്‍ക്ക് ഐഫോണ്‍ വാങ്ങുന്നതിനും, കൂട്ടുപ്രതികളായ കൊല്ലം പരവൂര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനും വേണ്ടിയാണ് വീട്ടില്‍നിന്ന് സ്വര്‍ണ്ണം കവര്‍ന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയെയും മൂന്ന് വിദ്യാര്‍ത്ഥികളെയും ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്‍കുട്ടിയുടെ ഭാര്യയും ആശുപത്രിയി ലായിരുന്നു. ഈ സമയത്ത് എട്ടാം ക്ലാസുകാരിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവിടെനിന്നിറങ്ങിയ പെണ്‍കുട്ടിയാണ് വീട്ടിലെത്തി മുത്തച്ഛന്‍ മരിച്ചുകിടക്കുന്നുവെന്ന് നാട്ടുകാരെ അറിയിച്ചത്. വീട് തുറക്കാന്‍ കഴിയുന്നില്ലെന്നും അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നുമായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞത്.

മുത്തച്ഛന്‍ ക്രൂരമായി കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ, തനിക്ക് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി വാശിപിടിച്ചതാണ് പൊലീസില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

രാത്രി വീടിന്റെ ബാത്ത് റൂമിന്റെ  വെന്റിലേറ്റര്‍ വഴിയാണ് പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ അകത്തുകടന്നത്. ശിവന്‍കുട്ടിയുടെ കൈകാലുകള്‍ കിടക്കവിരികളും മറ്റും ഉപയോഗിച്ച് പിന്നിലേക്ക് കൂട്ടിക്കെട്ടി, വിവസ്ത്രനാക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാനായി വീട്ടിനുള്ളിലാകെ മുളകുപൊടി വിതറുകയും കിടപ്പുമുറിയിലെ അലമാര പൊളിച്ച് ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവരുകയും ചെയ്തു.

Eighth-grade girl issues contract to kill grandfather; watches murder live via video call.

Share Email
Top