swayamvara
pulimoottil

വൈദ്യുതാഘാതം ഏല്‍പ്പിക്കുന്ന ഗ്ലൗസുകള്‍ : ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് ദുരുപയോഗം നടത്തുമെന്ന് രൂക്ഷ വിമര്‍ശനം

വൈദ്യുതാഘാതം ഏല്‍പ്പിക്കുന്ന ഗ്ലൗസുകള്‍ : ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് ദുരുപയോഗം നടത്തുമെന്ന് രൂക്ഷ വിമര്‍ശനം

വാഷിംഗടണ്‍: അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതാഘാതം നല്‍കാന്‍ കഴിയുന്ന പ്രത്യേക ഗ്ലൗസുകള്‍ നല്‍കാനുള്ള അമേരിക്കന്‍  ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ICE) നീക്കത്തിനെതിരെ കടുത്ത വിമര്‍ശനം. മനുഷ്യാവകാശ പ്രവര്‍ത്തകരും ഡെമോക്രാറ്റിക് നേതാക്കളും നടപടി അനാവശ്യവും നീചവുമാണെന്നു  ആരോപിച്ചു. ‘GLOVE’ എന്നറിയപ്പെടുന്ന ഉപകരണം സാധാരണ പട്രോള്‍ ഗ്ലൗസ് പോലെയാണ്. എന്നാല്‍ ഉദ്യോഗസ്ഥന്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഗ്ലൗസില്‍ വൈദ്യുത പ്രവാഹം സജീവമാകും. ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിപ്പിച്ചാല്‍ വേദനയുണ്ടാക്കുന്ന വൈദ്യുതാഘാതമാണ് നല്‍കുന്നത്.

ഗ്ലൗസുകള്‍ വാങ്ങുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനുമായി 10 മില്യണ്‍ മുതല്‍ 20 മില്യണ്‍ ഡോളര്‍ വരെ ചെലവഴിക്കാന്‍ ഐസിഇ  പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ‘Generated Low Output Voltage Emitter’ എന്നതിന്റെ ചുരുക്കപ്പേരാണ് GLOVE. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ അനുസരിപ്പിക്കാനാണ് പ്രധാനമായും ഉപകരണം ഉപയോഗിക്കുകയെന്നാണ് അധികൃതരുടെ വിശദീകരണം. ടേസറുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ഗ്ലൗസുകള്‍ ഉപയോഗിക്കുമ്പോള്‍ പൊള്ളലിന്റെയോ വൈദ്യുതബന്ധത്തിന്റെ വ്യക്തമായ പാടുകളുടെയോ സാധ്യത കുറവാണെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഗ്ലൗസുകള്‍ ഉപയോഗിച്ചുള്ള ബലപ്രയോഗം ജയിലുകളില്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും തെരുവുകളിലെ ഐസിഇ നടപടികളില്‍ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിക്കുമോ എന്നതാണ് പ്രധാന ആശങ്ക.

ഗ്ലൗസുകളുടെ ദുരുപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്. 2024ല്‍ കെന്റക്കിയിലെ റിച്ച്മണ്ടില്‍  ജയിലില്‍ 43കാരനായ ഒരാള്‍ക്ക് ഗ്ലൗസ് ഉപയോഗിച്ച് 27 തവണയും തുടര്‍ന്ന് ടേസര്‍ ഉപയോഗിച്ച് 13 തവണയും വൈദ്യുതാഘാതം നല്‍കിയതിനെ തുടര്‍ന്ന് മരിച്ചുവെന്നാണ് നിലവിലുള്ള ഒരു കേസിലെ ആരോപണം. സംഭവത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണത്തില്‍ ഗ്ലൗസ് ഉപയോഗിച്ചുള്ള രണ്ട് വൈദ്യുതാഘാതങ്ങള്‍ യഥാക്രമം 45 സെക്കന്‍ഡും 99 സെക്കന്‍ഡും നീണ്ടതായി കണ്ടെത്തി. എന്നാല്‍ നിര്‍മാതാക്കള്‍ ശുപാര്‍ശ ചെയ്ത പരമാവധി സമയം 15 സെക്കന്‍ഡ് മാത്രമാണ്. ഇത്തരം നടപടികള്‍ അനാവശ്യ വേദന മാത്രമല്ല, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യതയും വര്‍ധിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കളും പദ്ധതിക്കെതിരെ രംഗത്തെത്തി. ഗ്ലൗസുകള്‍ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ജെയിംസ് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് അംഗങ്ങളായ പ്രമീള ജയപാല്‍, മാക്‌സ്വെല്‍ ഫ്രോസ്റ്റ്, ഡെലിയ റമിറസ് തുടങ്ങിയവരും ഐസിഇയ്ക്ക് മറ്റൊരു ആയുധത്തിന്റെ ആവശ്യമില്ലെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. പൗരന്മാരെയും കുടിയേറ്റക്കാരെയും ലക്ഷ്യമിടാന്‍ അപകടകരമായ മറ്റൊരു ഉപകരണം കൂടി ലഭിക്കുന്നതിലൂടെ സുരക്ഷ വര്‍ധിക്കില്ലെന്ന് ജയപാല്‍ അഭിപ്രായപ്പെട്ടു.

പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര വൈകല്യമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ ഗ്ലൗസ് ഉപയോഗിക്കരുതെന്ന് നിര്‍മാതാക്കള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Electric-shock gloves: Sharp criticism that ICE officials might misuse them.

Share Email
LATEST excelnclexrn
Top