ബെയ്റൂട്ട്: സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കിയേ എന്നീ രാജ്യങ്ങൾ ചേർന്ന് ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാർ’ ഒപ്പുവെച്ച് തൊട്ടടുത്ത ദിവസം തന്നെ സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണം മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. യെമന്റെ പരമാധികാരത്തെ ലംഘിക്കാനോ സൗദിയുമായി ചേർന്ന് യെമനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളിലോ ശത്രുതാപരമായ നടപടികളിലോ ഏർപ്പെടാനോ ആണ് തുർക്കിയേയോ പാകിസ്ഥാനോ മുതിരുന്നതെങ്കിൽ കടുത്ത പാഠം പഠിപ്പിക്കുമെന്ന് അൻസാർ അള്ളാ (ഹൂതി) വക്താക്കൾ പരസ്യമായി മുന്നറിയിപ്പ് നൽകി.
പുതിയ ത്രിരാഷ്ട്ര പ്രതിരോധ കരാറിനുള്ള വ്യക്തമായ സന്ദേശമാണ് ഈ ഘട്ടത്തിലെ ഭീഷണി. സൗദിയുടെ സാമ്പത്തിക നട്ടെല്ലായ അരാംകോ എണ്ണ കേന്ദ്രങ്ങളെയും എണ്ണ ഗതാഗത അടിസ്ഥാന സൗകര്യങ്ങളെയും തുടർച്ചയായി ലക്ഷ്യമിടുമെന്നും സൈനികമായ തിരിച്ചടികൾ കടുപ്പിക്കുമെന്നുമാണ് ഹൂതി സംഘം വ്യക്തമാക്കുന്നത്.ഇതിനുപുറമെ, യെമനിൽ സൗദി അറേബ്യയെ പിന്തുണയ്ക്കുന്ന യെമൻ സർക്കാർ സൈന്യത്തിന് നേരെയും ഹൂതികൾ പോരാട്ടം ശക്തമാക്കിയിട്ടുണ്ട്.
കിഴക്കൻ പ്രവിശ്യയായ ഹളറമൗതിലും മാർഇബിലും കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ശക്തമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. തഈസ്, മാർഇബ് മേഖലകളുടെ വിവിധ ഭാഗങ്ങളിൽ പോരാട്ടം പുനരാരംഭിച്ചതായി പ്രാദേശിക വൃത്തങ്ങൾ ഉറപ്പിച്ചു പറയുന്നു. നീണ്ട 12 വർഷമായി തുടരുന്ന ഈ രക്തരൂഷിതമായ സംഘർഷം, അടിയന്തരമായി നയതന്ത്ര ചർച്ചകളിലൂടെ പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ ഭയാനകമായി കത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

















