swayamvara
pulimoottil

കാമറൂണ്‍ സ്വദേശിനിയും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകയുമായ യുവതിയെ ഐസിഇ കസ്റ്റഡിയിലെടുത്തു: ആശങ്ക അറിയിച്ച് സര്‍വകലാശാല

കാമറൂണ്‍ സ്വദേശിനിയും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകയുമായ യുവതിയെ ഐസിഇ കസ്റ്റഡിയിലെടുത്തു: ആശങ്ക അറിയിച്ച് സര്‍വകലാശാല

വാഷിംഗ്ടണ്‍: യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകയും കാമറൂണ്‍ സ്വദേശിനിയുമായ യുവതിയെ യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കാമറൂണ്‍ സ്വദേശിനിയായ ഡോ. ഫാത്തിമ അമേക്കയെ മേരിലാന്‍ഡിലെ ബാള്‍ട്ടിമോര്‍അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വിശദീകരണപ്രകാരം, 2024 ജൂണ്‍ 13-ന് കാലാവധി അവസാനിച്ച വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയായിരുന്നുവെന്നാരോപിച്ചാണ് ചൊവ്വാഴ്ച അമേക്കയെ അറസ്റ്റ് ചെയ്തത്. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ ഐസിഇ കസ്റ്റഡിയില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍, എ.ബി.സി. ന്യൂസ് പുറത്തു വിട്ട രേഖകള്‍ പ്രകാരം ഫാത്തിമ അമേക്കയ്ക്ക് 2029 വരെ സാധുവായ തൊഴില്‍ അനുമതിപത്രമുണ്ടെന്നും അഭയാര്‍ഥി അപേക്ഷ നിലവില്‍ പരിഗണനയിലാണെന്നും വ്യക്തമാക്കുന്നു. ഫാര്‍മസിയില്‍ ഡോക്ടറേറ്റ് നേടിയ അമേക്ക, ജോണ്‍സ് ഹോപ്കിന്‍സിന്റെ ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയാണ്. സര്‍വകലാശാലയിലെ ആദരിക്കപ്പെടുന്ന അംഗമാണ് അവരെന്നും, നിയമസഹായം ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കാന്‍ സര്‍വകലാശാല ഇടപെടുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഫുള്‍ബ്രൈറ്റ് സ്‌കോളറായി ജോണ്‍സ് ഹോപ്കിന്‍സിലെത്തിയ അമേക്ക കഴിഞ്ഞ രണ്ട് വര്‍ഷമായി പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റി ഡയറക്ടര്‍ ഡോ. ടോം ഇംഗ്ലെസ്ബി പറഞ്ഞു. അതീവ പ്രതിഭാശാലിയും സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ടവളുമാണ് അമേക്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ലൂസിയാനയിലെ അലക്‌സാണ്ട്രിയ സ്റ്റേജിങ് കേന്ദ്രത്തിലാണ് അമേക്കയെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ഇതുവരെ നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും നിയമപോരാട്ടത്തിനായി ധനസമാഹരണവും ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ICE takes custody of Cameroonian researcher at Johns Hopkins University: University expresses concern

Share Email
LATEST excelnclexrn
More Articles
Top