swayamvara
pulimoottil

കാണാതായ പൈലറ്റുമാരെ കരയിലേക്ക് മാറ്റാൻ ഖത്തറിനോട് ഇറാൻ; കുവൈറ്റിന്‍റെ ഇടപെടലിന് പിന്നാലെ നയതന്ത്ര നീക്കം ശക്തമാക്കി ടെഹ്‌റാൻ

കാണാതായ പൈലറ്റുമാരെ കരയിലേക്ക് മാറ്റാൻ ഖത്തറിനോട് ഇറാൻ; കുവൈറ്റിന്‍റെ ഇടപെടലിന് പിന്നാലെ നയതന്ത്ര നീക്കം ശക്തമാക്കി ടെഹ്‌റാൻ

ടെഹ്‌റാൻ: യുദ്ധത്തിനിടെ കാണാതായ പൈലറ്റുമാരെ കപ്പലിൽ നിന്ന് കരയിലേക്ക് മാറ്റി മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഖത്തറിനോട് ആവശ്യപ്പെട്ട് ഇറാൻ. പൈലറ്റുമാരുമായി കൂടിക്കാഴ്ച നടത്താൻ കുവൈറ്റ് ഭരണകൂടം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍റെ പുതിയ നയതന്ത്ര നീക്കം. തടവിലാക്കപ്പെട്ട പൈലറ്റുമാരുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും, അവർ കഴിയുന്ന കടലിലെ താൽക്കാലിക കേന്ദ്രം അനുയോജ്യമല്ലെന്നും ഇറാന്റെ മിസ്സിംഗ് പേഴ്‌സൺസ് സെർച്ച് കമ്മിറ്റി തലവൻ ജനറൽ മുഹമ്മദ് ബഖർസാദ വ്യക്തമാക്കി.

തങ്ങളുടെ പൈലറ്റുമാരെ പൂർണ്ണ സജ്ജീകരണങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഖത്തർ എത്രയും വേഗം തയ്യാറാകണമെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ സേവനം പ്രയോജനപ്പെടുത്താനും എയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്താനും ഇറാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. തടവിലാക്കപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി വിദഗ്ദ്ധ സംഘത്തെ ഖത്തറിലേക്ക് അയക്കാൻ അനുവദിച്ച തീരുമാനത്തെ ടെഹ്‌റാൻ സ്വാഗതം ചെയ്തു.

അതേസമയം, ഇറാന്റെ പൈലറ്റുമാരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വാദം ഖത്തർ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി. വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തുകയും അത് കൈമാറുകയും ചെയ്തിട്ടുണ്ടെന്നും, കാണാതായ മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നുമാണ് ഖത്തർ വ്യക്തമാക്കിയത്. എന്നാൽ കുവൈറ്റിന്റെ മധ്യസ്ഥതയും തുടർന്നുള്ള ചർച്ചകളും പൈലറ്റുമാരുടെ മോചനത്തിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ഇറാൻ.

Share Email
Top