വാഷിംഗ്ടൺ/ദോഹ: പേർഷ്യൻ ഉൾക്കടലിലേക്കും പുറത്തേക്കുമുള്ള കപ്പൽഗതാഗതത്തിൽ നിലവിൽ ഇറാന് നിർണായക നിയന്ത്രണമുണ്ടെന്നും, ടെഹ്റാന്റെ അനുമതിയില്ലാതെ സർവീസ് നടത്തുന്ന കപ്പലുകൾക്ക് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായും അന്താരാഷ്ട്ര പ്രതിരോധ-സമുദ്ര സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രമുഖ ആഗോള റിസ്ക് കൺസൾട്ടൻസി സ്ഥാപനമായ കൺട്രോൾ റിസ്ക്സ്യിലെ മാരിടൈം ഇന്റലിജൻസ് അസോസിയേറ്റ് അനലിസ്റ്റ് ആരൻ കെന്നഡിയെ ഉദ്ധരിച്ച് അൽ ജസീറയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് ശേഷവും ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വലിയ മാറ്റമില്ലാതെ തുടരുകയാണെന്ന് കെന്നഡി പറഞ്ഞു. ഇറാന്റെ അനുമതിയില്ലാതെ സഞ്ചരിക്കുന്ന ചില ചരക്ക്, എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണ സാധ്യത തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോർമൂസിലെ നിലവിലെ ഗതാഗത ക്രമീകരണം
വടക്കൻ പാത: ഇറാന്റെ നിയന്ത്രണ മേഖലയിലുള്ള വടക്കൻ സമുദ്രപാതയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാണ്. ഇതുവഴിയുള്ള വ്യാപാര കപ്പൽഗതാഗതം വലിയ തോതിൽ കുറഞ്ഞിരിക്കുകയാണ്.
തെക്കൻ പാത: ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ സമുദ്രപാതയാണ് നിലവിൽ ഭൂരിഭാഗം വ്യാപാര കപ്പലുകളും ഉപയോഗിക്കുന്നത്. യുദ്ധത്തിന് മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്ന റൂട്ടിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോഴത്തെ ഗതാഗതം.
ഈ തെക്കൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് അമേരിക്കൻ നാവികസേന പരിമിതമായ സുരക്ഷാ സഹായം നൽകുന്നുണ്ടെങ്കിലും, സാധ്യതയുള്ള എല്ലാ ആക്രമണങ്ങളിൽ നിന്നും അവയെ പൂർണമായി സംരക്ഷിക്കാൻ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് കഴിയില്ലെന്നും കെന്നഡി മുന്നറിയിപ്പ് നൽകി.

















