ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ പുതിയ കപ്പൽപ്പാത നിർണ്ണയിക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടക്കുന്ന ചർച്ചകളിൽ നിർണ്ണായക പുരോഗതിയുണ്ടായതായും ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. എന്നാൽ, ഇത് കടലിടുക്ക് ഉടൻ തുറക്കുമെന്നതിന്റെ സൂചനയല്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വിദേശകാര്യ മന്ത്രി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള നിലവിലെ ഗതാഗത പാതകൾക്ക് പകരം പുതിയ പാതകൾ വരും. ഇതിനായുള്ള സമുദ്ര ഭൂപടങ്ങൾ വിദഗ്ദ്ധ സംഘം തയ്യാറാക്കിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പാതകൾ നിർണ്ണയിക്കുന്നു എന്നത് കടലിടുക്ക് ഉടനടി തുറക്കുമെന്നതിനർത്ഥമില്ലെന്ന് പറഞ്ഞ അരാഗ്ച്ചി, പാത പൂർണ്ണമായും തുറക്കുന്നതിന് മുന്നോടിയായി ചില പ്രധാന നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും ഈ കാര്യങ്ങൾ മധ്യസ്ഥർ വഴി ബന്ധപ്പെട്ട രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
1968-ൽ നിലവിൽ വന്ന സമുദ്രപാതകൾ പുനർനിർണ്ണയിക്കുന്ന തികച്ചും സാങ്കേതികവും നിയമപരവുമായ ചർച്ചകളാണ് ഒമാനുമായി നടക്കുന്നത്. സമീപകാലത്തുണ്ടായ സൈനിക പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഈ പാതകളിൽ മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്. പുതിയ പാതകൾ അന്തിമമായി നിശ്ചയിച്ചു കഴിഞ്ഞാൽ, ഭാവിയിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന ഘട്ടത്തിൽ ഇവയായിരിക്കും ഗതാഗതത്തിനായി ഉപയോഗിക്കുക.

















