ടെഹ്‌റാൻ: അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ വാഗ്ദാനങ്ങൾ യു.എസ് പാലിച്ചില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയും മറ്റ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. കരാർ പൂർണ്ണമായി നടപ്പിലാക്കാത്ത സാഹചര്യത്തിൽ മേഖലയിൽ പുതിയ സമുദ്ര നിയന്ത്രണ ക്രമീകരണങ്ങൾ ആവശ്യമാണെന്നും നിലവിലെ വ്യവസ്ഥകളിൽ ഭേദഗതി അനിവാര്യമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടി. അമേരിക്കയോടുള്ള കടുത്ത അവിശ്വാസം നിലനിൽക്കുന്നതിനാൽ, ഒമാനുമായി ഉണ്ടാക്കുന്ന കരാറോ നിലവിലെ ധാരണാപത്രമോ കൊണ്ട് മാത്രം ഹോർമൂസ് കടലിടുക്ക് ഉടനടി തുറക്കാനാകില്ലെന്ന് ഇറാൻ പ്രസ്താവിച്ചു.
പ്രായോഗികമായ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ മാത്രമേ കടലിടുക്ക് വഴി ഗതാഗതം പുനരാരംഭിക്കൂ എന്നാണ് ഇറാന്റെ നിലപാട്.ഒമാനുമായി അന്തിമ കരാറിലെത്തിയാൽ ഇരുവിഭാഗങ്ങൾക്കും പഴയ ധാരണാപത്രത്തിലേക്ക് മടങ്ങാനും ചർച്ചകൾ പുനരാരംഭിക്കാനും വഴിതുറന്നേക്കാം. എന്നാൽ, അവിശ്വാസത്തിന്റെ നിഴൽ വീണുകിടക്കുന്നതിനാൽ നയതന്ത്ര നീക്കങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. മരവിപ്പിച്ച ഇറാനിയൻ സ്വത്തുക്കൾ വിട്ടുകിട്ടൽ, ഉപരോധങ്ങൾ പിൻവലിക്കൽ, ആണവ വിഷയങ്ങൾ തുടങ്ങി പരസ്പര വിശ്വാസം അത്യന്താപേക്ഷിതമായ നിരവധി തർക്കവിഷയങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്നു.

















