swayamvara
pulimoottil

നിർണായക നീക്കം; ഹോർമുസിൽ പുതിയ കപ്പൽപാതയ്ക്ക് ഇറാനും ഒമാനും ധാരണ, അന്തിമ കരാർ ഉടൻ

നിർണായക നീക്കം; ഹോർമുസിൽ പുതിയ കപ്പൽപാതയ്ക്ക് ഇറാനും ഒമാനും ധാരണ, അന്തിമ കരാർ ഉടൻ

ടെഹ്റാൻ: ആഴ്ചകൾ നീണ്ട സാങ്കേതിക ചർച്ചകൾക്കൊടുവിൽ ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽ ഗതാഗത പാത ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഡിഫാ പ്രസ്സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മൂന്നാഴ്ചയായി നടന്ന നിർണായക ചർച്ചകൾ അനുകൂലമായ ഫലത്തിലെത്തിയെന്ന് ബഖായി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പരമാധികാരം സംരക്ഷിക്കുന്നതിനൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയാണ് ധാരണയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കരാറുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ശേഷിക്കുന്ന കാര്യങ്ങളിൽ കൂടി ധാരണയിലെത്തിയ ശേഷം ഇറാനും ഒമാനും സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്നും ബഖായി അറിയിച്ചു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ സുരക്ഷിതമായ കപ്പൽ ഗതാഗത പാത സ്ഥാപിക്കുന്നതിനായി ജൂൺ 18ന് ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെയും ഒമാന്റെയും നേതൃത്വത്തിൽ വിശദമായ സാങ്കേതിക ചർച്ചകൾ ആരംഭിച്ചത്.

പുതിയ കപ്പൽപാതയുടെ ഭൂപടവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഇതിനകം പൂർണ യോജിപ്പിലെത്തിയതായാണ് ഇറാന്റെ വിശദീകരണം. അന്തിമ നടപടികൾ പൂർത്തിയാകുന്നതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് പ്രതീക്ഷ.

Share Email
LATEST excelnclexrn
More Articles
Top