ദോഹ: മൂന്ന് ഇറാനിയൻ പോർവിമാന പൈലറ്റുമാരുടെ വിധിയെക്കുറിച്ചുള്ള അന്വേഷണം ഖത്തർ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ ആരോപിച്ചു. പോർവിമാനങ്ങൾ വെടിവെച്ചിട്ടതിനെത്തുടർന്ന് തടങ്കലിലായെന്ന് ഇറാൻ അവകാശപ്പെടുന്ന പൈലറ്റുമാരെക്കുറിച്ച് പഠിക്കാൻ തങ്ങളുടെ വിദഗ്ദ്ധ സംഘത്തിന് പ്രവേശനാനുമതി നൽകാൻ ഖത്തർ തയ്യാറാകണമെന്ന് ടെഹ്റാൻ ആവശ്യപ്പെട്ടതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫീൽഡ് അന്വേഷണം നടത്തുന്നതിനായി ഇറാനിയൻ വ്യോമസേനയിലെ വിദഗ്ദ്ധ സംഘം മാസങ്ങളായി ഖത്തറിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് ഇറാന്റെ കാണാതായവരെ കണ്ടെത്താനുള്ള കമ്മീഷൻ തലവൻ സയ്യിദ് മുഹമ്മദ് ബാഗർസാദ പറഞ്ഞു. ഖത്തർ അധികൃതരുടെ തടസ്സപ്പെടുത്തലുകളും തന്ത്രങ്ങളും കാരണമാണ് പൈലറ്റുമാർക്ക് രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിക്കാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ മാർച്ചിൽ നടന്ന ആക്രമണങ്ങൾക്കിടെ വിമാനങ്ങൾ തകർന്നതിനെ തുടർന്ന് മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്.
അതേസമയം, പൈലറ്റുമാരെ തടങ്കലിൽ വെച്ചിട്ടുണ്ടെന്ന ഇറാനിന്റെ അവകാശവാദങ്ങൾ ഖത്തർ പൂർണ്ണമായും തള്ളി. വ്യോമാതിർത്തി ലംഘിച്ച വിമാനങ്ങൾക്ക് നേരെ നടപടി സ്വീകരിച്ച ശേഷം നടത്തിയ തിരച്ചിലിൽ ഒരു പൈലറ്റിന്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയതെന്നും, ഇത് കൈമാറാൻ ഇറാനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ-അൻസാരി വ്യക്തമാക്കി. ഏപ്രിലിൽ തിരച്ചിൽ വിവരങ്ങൾ പങ്കുവെക്കാൻ ഇറാനിയൻ പ്രതിനിധികളെ ക്ഷണിച്ചെങ്കിലും ടെഹ്റാന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















