ടെഹ്റാൻ: അനിയന്ത്രിതമായ പണപ്പെരുപ്പവും പ്രാദേശിക കറൻസിയുടെ മൂല്യത്തകർച്ചയും കാരണം ഇറാനിൽ സാധാരണക്കാരുടെ ജീവിതം കടുത്ത ദുരിതത്തിലേക്ക്. അത്യവശ്യ സാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതോടെ നിത്യനിവൃത്തിക്ക് പോലും വഴിയറിയാതെ വലയുകയാണ് രാജ്യത്തെ ജനങ്ങൾ. സാമ്പത്തിക തകർച്ചയ്ക്കൊപ്പം നയതന്ത്ര പരിഹാരമുണ്ടാകുമോ അതോ വീണ്ടുമൊരു സൈനിക ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന കാര്യത്തിലുള്ള അനിശ്ചിതത്വവും ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
വർഷങ്ങളോളമായി തുടരുന്ന കടുത്ത ഉപരോധങ്ങൾ, ആഭ്യന്തര ഭരണ രംഗത്തെ വീഴ്ചകൾ, ഇതിനുപുറമെ പുതിയ യുദ്ധ പ്രത്യാഘാതങ്ങൾ എന്നിവയാണ് ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചത്. യുദ്ധസമാനമായ അന്തരീക്ഷവും ഭാവി അനിശ്ചിതത്വങ്ങളും സാധാരണക്കാരുടെ ദിനംപ്രതിയുള്ള ജീവിതത്തെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്.
നയതന്ത്ര ചർച്ചകളിലൂടെ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ഇല്ലാതാകുകയാണ്. ഉപരോധങ്ങൾ ഇനിയും ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകുമ്പോൾ, നിലവിൽ അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതോടെ സമാധാന പ്രതീക്ഷകൾ മങ്ങുകയും രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യുകയാണ്.

















