ദോഹ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗത സ്തംഭനം ഗൾഫ് രാജ്യങ്ങളെ, പ്രത്യേകിച്ച് ബദൽ സമുദ്രപാതകളില്ലാത്ത കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി ‘മിഡിൽ ഈസ്റ്റ് കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്‌സ്’ സീനിയർ ഫെലോയും സാമ്പത്തിക വിദഗ്ദ്ധനുമായ ഫ്രെഡറിക് ഷ്നൈഡർ ചൂണ്ടിക്കാട്ടി. മറ്റ് ബദൽ റൂട്ടുകളുള്ള സൗദി അറേബ്യയ്ക്കും യു.എ.ഇക്കും പോലും ഈ ഭീമമായ നഷ്ടം പൂർണ്ണമായും നികത്താൻ സാധിക്കുന്നില്ല. യമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണിയെ തുടർന്ന് ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം ഭാഗികമായി തടസ്സപ്പെട്ടത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.
കരുതൽ ധനശേഖരം ഉണ്ടായതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങൾ ഇതുവരെ പിടിച്ചുനിന്നതെന്നും എന്നാൽ സാമ്പത്തിക ഭാരം ക്രമാതീതമായി വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന എണ്ണവില നിലനിൽക്കുമ്പോഴും സൗദി അറേബ്യയുടെ ധനക്കമ്മി വർദ്ധിക്കുന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. കരമാർഗ്ഗമുള്ള ബദൽ പാതകൾക്ക് ഒരിക്കലും സമുദ്ര ചരക്കുനീക്കത്തിന് പകരമാകാൻ കഴിയില്ലെന്നും ഒരു ചരക്കുകപ്പലിന് 24,000 കണ്ടെയ്നറുകൾ വരെ വഹിക്കാൻ കഴിയുമ്പോൾ ഒരു തീവണ്ടിക്ക് പരമാവധി 400 എണ്ണം മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഗൾഫ് തീരങ്ങളിലെ എണ്ണ കയറ്റുമതി കേന്ദ്രങ്ങൾ ഇപ്പോഴും ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ ഭീഷണിയിലാണ്.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 150 മുതൽ 200 ഡോളർ വരെ എത്തുമായിരുന്നുവെങ്കിലും, തന്ത്രപരമായ കരുതൽ ശേഖരങ്ങൾ വിപണിയിലെത്തിച്ചതും ഇന്ത്യയിലേക്കും ചൈനയിലേക്കും റഷ്യൻ എണ്ണ കയറ്റുമതി വർദ്ധിച്ചതുമാണ് ഇപ്പോഴത്തെ വിലക്കയറ്റം പിടിച്ചുനിർത്തുന്നത്. എന്നാൽ ഈ നടപടികൾ താൽക്കാലികം മാത്രമാണെന്നും, വളം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം വരാനിരിക്കുന്ന വിളവെടുപ്പ് കാലത്ത് വലിയ തോതിൽ തിരിച്ചടിയാകുമെന്നും ഷ്നൈഡർ മുന്നറിയിപ്പ് നൽകി.















