ടെഹ്റാൻ: യുഎസിൽ നിന്നും ഇസ്രായേലിൽ നിന്നും നേരിടുന്ന ഭീഷണികൾ പൂർണ്ണമായി തകരുന്നത് വരെ തങ്ങൾ പിന്നോട്ടില്ലെന്ന് ഇറാന്റെ ജനറൽ സ്റ്റാഫ് ഓഫ് ദി ആംഡ് ഫോഴ്സസ് പ്രഖ്യാപിച്ചു. 1990-ൽ ഇറാഖിൽ നിന്ന് ഇറാനിയൻ യുദ്ധത്തടവുകാർ തിരിച്ചെത്തിയതിന്റെ വാർഷികത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് ഇറാന്റെ സൈനിക വിഭാഗം കടുത്ത നിലപാട് വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും ആധുനിക സജ്ജീകരണങ്ങളുള്ള വിദേശ സൈനിക വ്യൂഹത്തിനെതിരെ പോരാടിയ മുൻ തലമുറയുടെ ‘പ്രതിരോധ പാരമ്പര്യം’ പുതിയ തലമുറ ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും പരമോന്നത നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ശത്രുക്കൾ കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് പുറത്തുവിട്ട വാർത്ത പ്രകാരം, സായുധ സേനയ്ക്ക് പൊതുജനങ്ങൾ നൽകുന്ന പിന്തുണയെ പ്രസ്താവനയിൽ പ്രശംസിക്കുകയും, പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്ക നടത്തുന്ന കടന്നുകയറ്റങ്ങളെയും ആധിപത്യ ശ്രമങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്തു.

















