വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക അടിയന്തരമായി നയതന്ത്ര പിന്മാറ്റ പാത കണ്ടെത്തണമെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ഉന്നത ഉപദേശകരോട് വ്യക്തമാക്കിയതായി റിപ്പോർട്ട്. സംഘർഷം വർദ്ധിപ്പിക്കാനായി മുന്നിലുള്ള സൈനിക ബദലുകൾ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും വ്യോമാക്രമണം കൊണ്ടുമാത്രം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്ന കാര്യങ്ങൾ കൈവരിക്കാനാകില്ലെന്നും വിഷയവുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങൾ വ്യക്തമാക്കി.
യുദ്ധം നിർണായകമായ ഒരു ഘട്ടത്തിലെത്തിനിൽക്കുകയാണെന്ന അഭിപ്രായക്കാരനാണ് ഡാൻ കെയ്ൻ. സംഘർഷം രൂക്ഷമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ള കാബിനറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്.
പ്രസിഡന്റ് ട്രംപുമായി നടക്കുന്ന യോഗങ്ങൾക്ക് മുന്നോടിയായി, സമാന ചിന്താഗതിയുള്ള ഉപദേശകരുമായി കെയ്ൻ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തിവരികയാണ്. കരസേനയെ ഇറക്കാതെയുള്ള സൈനിക നടപടികൾ പോലും വലിയ അപകടസാധ്യതകളും പരിമിതികളും നിറഞ്ഞതാണെന്ന് ട്രംപിനെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇറാനിൽ കരസേനയെ വിന്യസിക്കുന്നതിനോട് ട്രംപിന് താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ വ്യോമാക്രമണങ്ങളിലൂടെ ഇറാന് മേൽ സമ്മർദ്ദം ചെലുത്തി തനിക്ക് അനുകൂലമായ കരാറുകളിൽ ഒപ്പുവെപ്പിക്കാമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷ പ്രായോഗികമല്ലെന്നാണ് കെയ്നും മറ്റ് കാബിനറ്റ് അംഗങ്ങളും വിശ്വസിക്കുന്നത്. ട്രംപിന്റെ നയങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ട് തന്നെ ഈ യുദ്ധാവസ്ഥയിൽ നിന്ന് പുറത്തുകടക്കാനുള്ള മറ്റ് ബദൽ മാർഗങ്ങൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സൈനിക നേതൃത്വം.

















