വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം മാസങ്ങളായി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി അദ്ദേഹത്തിന്റെ രണ്ടാം ടേം പ്രസിഡന്‍ഷ്യല്‍ കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. തിങ്കളാഴ്ച പൂര്‍ത്തിയായ റോയിട്ടേഴ്‌സ്, ഇപ്‌സോസ് അഭിപ്രായ സര്‍വേ പ്രകാരം ട്രംപിന്റെ ഭരണനടപടികളെ 33 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് അംഗീകരിച്ചത്. 64 ശതമാനം പേര്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ അതൃപ്തരാണ്. ഈ മാസം ആദ്യം നടന്ന സര്‍വേയില്‍ 35 ശതമാനമായിരുന്ന അംഗീകാര നിരക്കാണ് ഇപ്പോള്‍ വീണ്ടും ഇടിഞ്ഞത്.
ട്രംപിന്റെ നിലവിലെ ഭരണകാലത്തെ ഏറ്റവും താഴ്ന്ന അംഗീകാര നിരക്കാണിത്. 2017 ഡിസംബറില്‍ അദ്ദേഹത്തിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലയളവില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കിനും ഇപ്പോഴത്തെ 33 ശതമാനം തുല്യമാണ്. കഴിഞ്ഞ വര്‍ഷം വീണ്ടും വൈറ്റ് ഹൗസിലെത്തിയപ്പോള്‍ രാജ്യത്തെ ഏകദേശം പകുതി ജനങ്ങളുടെ പിന്തുണ ട്രംപിനുണ്ടായിരുന്നു. എന്നാല്‍ ഇറാനെതിരെ ഇസ്രയേലിനൊപ്പം അമേരിക്കന്‍ ആക്രമണത്തിന് ഉത്തരവിട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ ജനപ്രീതിക്ക് തിരിച്ചടി നേരിട്ടു.
ഇറാനുമായുള്ള സംഘര്‍ഷം ആഗോള എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നിനെ ബാധിക്കുകയും ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തു. ഇതോടെ അമേരിക്കന്‍ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഉയര്‍ന്ന ഇന്ധനവില വെല്ലുവിളിയാകുകയാണ്. വിലക്കയറ്റം നിയന്ത്രിക്കുമെന്നും ദീര്‍ഘകാല യുദ്ധങ്ങളില്‍ അമേരിക്കയെ ഉള്‍പ്പെടുത്തില്ലെന്നും വാഗ്ദാനം ചെയ്താണ് ട്രംപ് പ്രചാരണം നടത്തിയിരുന്നത്.
ഇറാനുമായുള്ള സംഘര്‍ഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് ട്രംപ് തുടക്കത്തില്‍ പറഞ്ഞിരുന്നു. ലോകത്തിന് ഭീഷണിയാകാവുന്ന ആണവായുധം ഇറാന്‍ വികസിപ്പിക്കുന്നത് തടയാനുള്ള ഏക മാര്‍ഗമാണ് യുദ്ധമെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇപ്പോഴും ശക്തമായ പ്രതിരോധം തുടരുകയാണ്. സംഘര്‍ഷം ശമിച്ചിട്ടും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവ്യാപാരം വലിയ തോതില്‍ തടസ്സപ്പെട്ട നിലയിലാണ്. ഇതാണ് ആഗോള ഊര്‍ജ വിപണിയില്‍ ആശങ്ക തുടരാന്‍ പ്രധാന കാരണങ്ങളിലൊന്ന്.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം അമേരിക്കക്കാരും ഇറാനിലെ അമേരിക്കന്‍ ഇടപെടല്‍ ദീര്‍ഘകാലം തുടരുമെന്നു കരുതുന്നതായി വ്യക്തമാക്കി. ഡെമോക്രാറ്റുകളില്‍ 87 ശതമാനവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളില്‍ 71 ശതമാനവും ഈ അഭിപ്രായം പങ്കുവച്ചു. വെറും 16 ശതമാനം പേര്‍ മാത്രമാണ് സംഘര്‍ഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് കരുതുന്നത്. രാജ്യവ്യാപകമായി 1,166 മുതിര്‍ന്ന അമേരിക്കക്കാരില്‍ ഓണ്‍ലൈനായി നടത്തിയ സര്‍വേയ്ക്ക് മൂന്ന് ശതമാനം പോയിന്റിന്റെ മാര്‍ജിന്‍ ഓഫ് എററാണുള്ളത്.
Trump’s popularity has plummeted: Only 33 percent of people approve of the current administration.

















