വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിനിടയിൽ അമേരിക്കയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് അവരുടെ വിശ്വസ്തതയും പ്രഭാവവുമാണെന്ന് മുൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ മാർലിൻ ഹാർഡിംഗർ. മേഖലയിൽ സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ പുതിയ പ്രതിരോധ കരാറിൽ ഒപ്പുവെച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. തങ്ങളുടെ പ്രതിരോധ ആവശ്യങ്ങളിൽ വാഷിംഗ്ടൺ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സഖ്യകക്ഷിയല്ലെന്നും തങ്ങളെ സംരക്ഷിക്കാൻ മുന്നോട്ടുവരുന്നില്ലെന്നും തോന്നിയാൽ സ്വന്തമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ബദൽ മാർഗങ്ങളുണ്ടെന്ന് ഹാർഡിംഗർ ചൂണ്ടിക്കാട്ടി.
വാഷിംഗ്ടൺ ഏറെ ഭയപ്പെട്ടിരുന്ന കാര്യം തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭീഷണികൾക്കെതിരെയുള്ള ഉടനടിയുള്ള പ്രതിരോധത്തിന് ഈ പുതിയ സഖ്യം ഹ്രസ്വകാലത്തേക്ക് പ്രയോജനം ചെയ്തേക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ, ഗൾഫ് മേഖലയിലെ യു.എസ് സ്വാധീനത്തെയും മുൻതൂക്കത്തെയും ചോദ്യം ചെയ്യുന്നതിന്റെ തുടക്കമായി ഇത് മാറാം. വരും വർഷങ്ങളിൽ ഇത് ഗൾഫ് രാജ്യങ്ങൾക്കും അമേരിക്കയ്ക്കും ഒരുപോലെ ദോഷകരമായി ഭവിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















