വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണയോ പ്രകൃതി വാതകമോ ഇറക്കുമതി ചെയ്യുന്ന ലോക രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ താരിഫ് ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കി. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിടുന്നതാണ് ബില്‍. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാമിന്റെ പേരില്‍ അവതരിപ്പിച്ച ബില്‍ 11 നെതിരേ 86 വോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്.
റഷ്യയ്ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന ലിന്‍ഡ്‌സി ഗ്രഹാമിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി ബില്ലിനായി ശ്രമിച്ചുവരികയായിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ സമ്മര്‍ദത്തിലാക്കുകയാണ് പുതിയ ഉപരോധ നടപടികളുടെ ലക്ഷ്യം. ‘ഇത് പുടിനെ ഏറ്റവും വേദനിക്കുന്നിടത്ത് തന്നെ ബാധിക്കും’ എന്ന് ഗ്രഹാമിന്റെ പിന്‍ഗാമിയായി സെനറ്റിലെത്തിയ സഹോദരി ഡാര്‍ലിന്‍ ഗ്രഹാം പ്രതികരിച്ചു.
റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണയോ പ്രകൃതി വാതകമോ വാങ്ങുന്ന അഞ്ച് രാജ്യങ്ങള്‍ക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്താന്‍ ബില്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നു. നിലവില്‍ ഇന്ത്യ, ചൈന എന്നിവയ്‌ക്കൊപ്പം അസര്‍ബൈജാന്‍, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതക ഇറക്കുമതി 15 ശതമാനത്തില്‍ താഴെയായ രാജ്യങ്ങള്‍ക്കും ഇറക്കുമതി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കും ചില ഇളവുകള്‍ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
റഷ്യന്‍ പ്രസിഡന്റ് പുടിനും മുതിര്‍ന്ന രാഷ്ട്രീയ, സൈനിക നേതാക്കള്‍ക്കും റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഊര്‍ജ പദ്ധതികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനും ബില്‍ ലക്ഷ്യമിടുന്നു. നിലവിലുള്ള യുഎസ് ഉപരോധങ്ങള്‍ മറികടക്കാന്‍ റഷ്യ ഉപയോഗിക്കുന്ന പഴയതും മറ്റൊരു രാജ്യത്തിന്റെ പതാകയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തതുമായ എണ്ണക്കപ്പലുകളെയും ഉപരോധ പരിധിയില്‍ കൊണ്ടുവരും. അതേസമയം, ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ചില ഉപരോധങ്ങളില്‍ ഇളവ് നല്‍കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെനറ്റിന്റെ അംഗീകാരത്തിന് പിന്നാലെ ബില്‍ ഇനി യുഎസ് ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് പോകും. ഓഗസ്റ്റ് 31ന് സഭ വീണ്ടും ചേരുമ്പോഴായിരിക്കും ബില്‍ പരിഗണിക്കുക. റഷ്യന്‍ ഉപരോധങ്ങള്‍ക്ക് പുറമെ, 1996ലെ ഇറാന്‍ സാങ്ക്ഷന്‍സ് ആക്ടിന്റെ കാലാവധി 2031 വരെ നീട്ടാനും ബില്‍ നിര്‍ദേശിക്കുന്നു.
US Senate passes Russian sanctions bill; 100% tariff threat to India and China.

















