സനാ: ബാബ് അൽ മാൻഡെബ് കടലിടുക്കിന് സമീപം സൗദി അറേബ്യയുടെ സൈനിക കപ്പലിനും നാല് അകമ്പടി ബോട്ടുകൾക്കും നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൂതി വിമതരുടെ അവകാശവാദം. ചെങ്കടലിലെ പ്രമുഖ തുറമുഖ നഗരമായ മൊഖയുടെ തീരത്തുവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്യ സാരി അറിയിച്ചു. എന്നാൽ ഈ അവകാശവാദത്തെക്കുറിച്ച് സൗദി അറേബ്യയോ മറ്റ് സ്വതന്ത്ര കേന്ദ്രങ്ങളോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൗദി അറേബ്യയുടെ കപ്പലുകൾക്ക് മേഖലയിൽ ഉപരോധം ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ ബാബ് അൽ മാൻഡെബ് കടലിടുക്കിന് സമീപം ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്. കപ്പൽ ഗതാഗതത്തിൽ നിർണ്ണായകമായ മൊഖ നഗരത്തിന് നേരെ വെള്ളിയാഴ്ചയും ഹൂതികൾ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് നഗരത്തിലെ തുറമുഖത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഹൂതികളുടെ നീക്കത്തിനെതിരെ യെമൻ സർക്കാറിന്റെ ഔദ്യോഗിക സഖ്യസേന ശക്തമായ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതി താവളങ്ങൾക്ക് നേരെ ഇരുനൂറോളം ആക്രമണങ്ങൾ നടത്തിയതായി യെമൻ സൈന്യം അറിയിച്ചു. അതേസമയം ചെങ്കടലിലും കരയിലും സൗദി സൈന്യത്തിന്റെ എല്ലാവിധ നീക്കങ്ങളെയും നിരീക്ഷിക്കുന്നത് തുടരുമെന്നും അവരുടെ മുന്നേറ്റങ്ങളെ ആക്രമിക്കുന്നത് തുടരുമെന്നും ഹൂതികൾ വീണ്ടും മുന്നറിയിപ്പ് നൽകി.

















