വാഷിംഗ്ടൺ: നിർമ്മിത ബുദ്ധിയുടെ (AI) അതിവേഗ വളർച്ച നിയന്ത്രിക്കുന്നതിനും കർശന സർക്കാർ മേൽനോട്ടം ഉറപ്പാക്കുന്നതിനും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഉൾപ്പെടെയുള്ള പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ രംഗത്ത്. സാങ്കേതികവിദ്യയുടെ വളർച്ച സുരക്ഷിതമായ രീതിയിലാക്കാൻ താൽക്കാലിക വേഗതക്കുറവ് അനിവാര്യമാണെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനും തൊഴിൽ മേഖലയിലും കുട്ടികളിലും എഐ ഉണ്ടാക്കുന്ന ആഘാതം മുൻകൂട്ടി കാണുന്നതിനും വാഷിംഗ്ടണിലെ ഭരണാധികാരികൾ സജീവമായി രംഗത്തിറങ്ങണമെന്ന് ബരാക് ഒബാമ വ്യക്തമാക്കി.
സാങ്കേതികവിദ്യയെ പഴയ സ്ഥിതിയിലേക്ക് പൂർണ്ണമായി തിരിച്ചുകൊണ്ടുപോകാൻ കഴിയില്ലെങ്കിലും, അതിന്റെ വികസനവും ഉപയോഗവും എങ്ങനെയെന്ന് സമൂഹത്തിന് ഒത്തൊരുമിച്ച് തീരുമാനിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാക്കളോട് എഐ നയങ്ങൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെട്ട ഒബാമ, ഈ വിഷയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രധാന ചർച്ചാവിഷയമാക്കാനും നിർദ്ദേശിച്ചു. നിർമ്മിത ബുദ്ധിയുടെ അതിവേഗ മുന്നേറ്റം പൊതുതാൽപ്പര്യത്തിന് ഭീഷണിയാണെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഐ വികസനത്തിന്റെ വേഗത മരവിപ്പിക്കേണ്ടത് നിർണായകമാണെന്നും കമലാ ഹാരിസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
കോൺഗ്രസ് പുതിയ നിയമങ്ങൾ പാസാക്കണമെന്നും ഫെഡറൽ തലത്തിൽ സ്വതന്ത്രമായ മേൽനോട്ട ഏജൻസി രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചൈന പോലുള്ള രാജ്യങ്ങളുമായി അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടാൻ പ്രസിഡന്റ് ട്രംപ് തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ എഐ രംഗത്തെ നിയന്ത്രണങ്ങളെയും വേഗത കുറയ്ക്കാനുള്ള വാദങ്ങളെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ആശങ്കകൾ വെറും കെട്ടുകഥ മാത്രമാണെന്നാണ് ട്രംപിന്റെ നിലപാട്. ആഗോളതലത്തിൽ ചൈനയെ പിന്തമ്മി അമേരിക്ക സാങ്കേതിക രംഗത്ത് ഒന്നാമതായി തുടരുകയാണ് തന്റെ ലക്ഷ്യമെന്നും, കടുത്ത നിയന്ത്രണങ്ങൾ യു.എസിന്റെ മുൻതൂക്കം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

















