വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റൽ വോട്ടെടുപ്പിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള തന്റെ പദ്ധതി സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെ, കോടതിയിലെ ജഡ്ജിമാർക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് അദ്ദേഹം കോടതിയുടെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.താൻ അഭിമുഖം നടത്തി യുഎസ് സുപ്രീം കോടതിയിൽ സേവനം അനുഷ്ഠിക്കാൻ നിയമിച്ച ആളുകളല്ലിത്, മറിച്ച് അവർ അവരുടെ പഴയ രൂപത്തിന്റെ നിഴൽ മാത്രമായി മാറിയിരിക്കുന്നുവെന്ന് ട്രംപ് കുറിപ്പിൽ വ്യക്തമാക്കി.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് കോടതിയിലേക്ക് നിയമിതരായ ബ്രെറ്റ് കവാനോഗ്, നീൽ ഗോർസച്ച്, ആമി കോണി ബാററ്റ് എന്നിവരാരും തന്നെ പോസ്റ്റൽ വോട്ടിംഗ് മാറ്റങ്ങൾ തടഞ്ഞുകൊണ്ടുള്ള ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ജഡ്ജിമാരായ സാമുവൽ അലിറ്റോയും ക്ലാറൻസ് തോമസും പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ അനുവാദം നൽകുമെന്നാണ് വ്യക്തമാക്കിയത്. കോടതിയുടെ ഈ തീരുമാനത്തിൽ അതൃപ്തനായ ട്രംപ്, തന്റെ മറ്റ് പല നയങ്ങളും തടഞ്ഞുകൊണ്ടുള്ള കോടതിയുടെ മറ്റ് വിധികളെയും അതിശക്തമായി വിമർശിച്ചു.
ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്നതിനും സമഗ്രമായ താരിഫുകൾ നടപ്പിലാക്കുന്നതിനുമുള്ള തന്റെ പദ്ധതികൾ കോടതി തള്ളിക്കളഞ്ഞത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നമ്മുടെ രാജ്യത്തിന് എളുപ്പത്തിൽ പരിഹരിക്കാനാകാത്ത തരത്തിലുള്ള ഞെട്ടിക്കുന്നതും മോശവുമായ വിധികളിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്സിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് കോടതി വരുത്തിവെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകരവും ദോഷകരവുമായ ചില തീരുമാനങ്ങൾ പുറപ്പെടുവിച്ച കോടതിയായി ഇത് ചരിത്രത്തിൽ അറിയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് സുപ്രീം കോടതിക്കെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നത് എനിക്ക് എളുപ്പമുള്ള കാര്യമല്ല, ഇത് വരും വർഷങ്ങളിൽ വലിയ വില നൽകേണ്ടി വന്നേക്കാം, എങ്കിലും നമ്മൾ സ്നേഹിക്കുന്ന അമേരിക്കയ്ക്ക് വേണ്ടി പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ കടമയും ഉത്തരവാദിത്തവുമായാണ് ഞാൻ ഇതിനെ കാണുന്നതെന്നും അദ്ദേഹം എഴുതി.ട്രംപിന്റെ വിമർശനത്തോട് സുപ്രീം കോടതി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ എതിർപ്പുകൾ നിലനിൽക്കെ തന്നെ, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പ്രസിഡന്റിന് വിശാലമായ ക്രിമിനൽേ പ്രതിരോധാവകാശമുണ്ടെന്ന് കണ്ടെത്തിയ 2024 ലെ വിധി ഉൾപ്പെടെയുള്ള നിർണ്ണായക വിജയങ്ങളും സുപ്രീം കോടതി അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്. കൂടാതെ വൈറ്റ് ഹൗസ് ബോൾറൂം പ്രൊജക്റ്റിന്റെ നിർമ്മാണവുമായി മുന്നോട്ട് പോകാനും കോടതി അടുത്തിടെ അനുമതി നൽകിയിരുന്നു. എങ്കിലും, തന്റെ രണ്ടാം ഭരണകാലത്ത് തനിക്ക് അനുകൂലമായി വിധി കൽപ്പിക്കാത്ത യാഥാസ്ഥിതിക ജഡ്ജിമാരുടെ നടപടികളിൽ ട്രംപ് നിരാശനാണ്.

















