swayamvara
pulimoottil

പുടിൻ ഡൽഹിയിൽ , ജി.7 നേ മറികടന്ന് ബ്രിക്സ് ആഗോള വളർച്ചയുടെ പുതിയ യന്ത്രമായി മാറിയെന്ന് പുടിനും മോദിയും

പുടിൻ ഡൽഹിയിൽ , ജി.7 നേ മറികടന്ന് ബ്രിക്സ് ആഗോള വളർച്ചയുടെ പുതിയ യന്ത്രമായി മാറിയെന്ന് പുടിനും മോദിയും

ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള ബിസിനസ് ഫോറത്തിൽ ആഗോള സാമ്പത്തിക രംഗത്തെ ബ്രിക്സിന്റെ ആധിപത്യം എടുത്തുപറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ലോക സാമ്പത്തിക ക്രമത്തിൽ വൻ മാറ്റങ്ങൾ നടക്കുകയാണെന്നും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വളർച്ചയ്ക്ക് നേതൃത്വം നൽകിയ പഴയ സാമ്പത്തിക ശക്തികൾക്ക് പകരം പുതിയ വികസന യന്ത്രങ്ങൾ ഉയർന്നുവരികയാണെന്നും പുടിൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഗോള ജി.ഡി.പിയുടെ 40 ശതമാനത്തിലധികവും സംഭാവന ചെയ്തത് ബ്രിക്സ് രാജ്യങ്ങളാണെന്നും, അതേസമയം ജി-7 (G7) രാജ്യങ്ങളുടെ സംഭാവന 29 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള വളർച്ചയുടെ പകുതിയിലധികവും ബ്രിക്സ് കൂട്ടായ്മയിലൂടെയാണ് ഉണ്ടാകുന്നതെന്നും ജി-7 രാജ്യങ്ങളിൽ ഇത് 18 ശതമാനം മാത്രമാണെന്നും റഷ്യൻ പ്രസിഡന്റ് കണക്കുകൾ നിരത്തി വിശദീകരിച്ചു. ലോക ജനസംഖ്യയുടെ പകുതിയിലധികവും വിശാലമായ ആഭ്യന്തര വിപണിയും സ്വന്തമായുള്ളതാണ് ബ്രിക്സിന്റെ അതിവേഗ കുതിപ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ബിസിനസ് ഫോറം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഉച്ചകോടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്.

2006-ൽ കേവലം നാല് രാജ്യങ്ങളുമായി ആരംഭിച്ച ബ്രിക്സ് ഇന്ന് അംഗങ്ങളും പങ്കാളിത്ത രാജ്യങ്ങളും ഉൾപ്പെടെ 21 അംഗങ്ങളുള്ള വൻ കുടുംബമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോള ജി.ഡി.പി രണ്ടര ഇരട്ടി വളർന്നപ്പോൾ ബ്രിക്സ് രാജ്യങ്ങളുടെ സംയുക്ത ജി.ഡി.പി നാലിരട്ടിയിലധികം (4.5) വർധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തിലാണ് ബ്രിക്സിന്റെ വളർച്ചയെന്നും, സാങ്കേതികവിദ്യയിലും നവീകരണത്തിലും മുന്നേറുന്ന ബ്രിക്സ് ലോക സാമ്പത്തിക രംഗത്തെ കരുത്തുറ്റ ശക്തിയാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

Share Email
LATEST excelnclexrn
More Articles
Top