swayamvara
pulimoottil

ട്രാന്‍സ്ജെന്‍ഡര്‍ യുവാവിനെ ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് സ്ത്രീകള്‍ക്ക് പരോള്‍ ഇല്ലാത്ത ജീവപര്യന്തം

ട്രാന്‍സ്ജെന്‍ഡര്‍ യുവാവിനെ ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് സ്ത്രീകള്‍ക്ക് പരോള്‍ ഇല്ലാത്ത ജീവപര്യന്തം

ന്യൂയോര്‍ക്ക്: ട്രാന്‍സ്ജെന്‍ഡര്‍ യുവാവ് സാം നോര്‍ഡ്ക്വിസ്റ്റിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് പരോള്‍ ഇല്ലാത്ത ജീവപര്യന്തം തടവ്. കേസിലെ പ്രധാന പ്രതികളായ പ്രീഷ്യസ് അര്‍സുവാഗ (40), ജെന്നിഫര്‍ ക്വിജാനോ (32) എന്നിവര്‍ക്കാണ് ന്യൂയോര്‍ക്കിലെ ഒന്റാരിയോ കൗണ്ടി കോടതിയില്‍ ശിക്ഷ വിധിച്ചത്. ഒന്നാം ഡിഗ്രി കൊലപാതകം ഉള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്. കേസിലെ മുഖ്യപ്രതിയെന്ന് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ച അര്‍സുവാഗയ്ക്ക് 11 കുറ്റങ്ങളിലായി പരമാവധി ശിക്ഷയാണ് ജഡ്ജി ക്രിസ്റ്റീന കാര്‍ലെ വിധിച്ചത്.

നോര്‍ഡ്ക്വിസ്റ്റിനെ മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവങ്ങളില്‍ ക്വിജാനോ നേരിട്ട് പങ്കെടുത്തതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വ്യക്തമാക്കി. മൃതദേഹം നീക്കം ചെയ്യുന്നതിലും ഇരുവരും പങ്കാളികളായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. അര്‍സുവാഗയുടെ മുന്‍ കാമുകിയായിരുന്ന ക്വിജാനോയ്ക്ക് നോര്‍ഡ്ക്വിസ്റ്റുമായുള്ള അര്‍സുവാഗയുടെ പ്രണയബന്ധത്തോടുള്ള അസൂയയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. അര്‍സുവാഗയുടെ ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയും നോര്‍ഡ്ക്വിസ്റ്റിനെതിരായ അതിക്രമങ്ങളില്‍ പങ്കെടുപ്പിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

കോടതിയില്‍ അര്‍സുവാഗ നോര്‍ഡ്ക്വിസ്റ്റിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ചു. സംഭവിച്ചതിന് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കോടതി വിധിക്കുന്ന ഏത് ശിക്ഷയും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. താന്‍ ചെയ്ത കാര്യങ്ങള്‍ തിരുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായി ക്വിജാനോയും കോടതിയില്‍ വ്യക്തമാക്കി. നോര്‍ഡ്ക്വിസ്റ്റിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കാന്‍ തനിക്ക് അവകാശമില്ലെന്നും എന്നാല്‍ ഒരുദിവസം കുടുംബത്തിന് സമാധാനം ലഭിക്കട്ടെയെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. നോര്‍ഡ്ക്വിസ്റ്റിന്റെ മരണം ”അതിക്രൂരമായ” സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, അദ്ദേഹത്തിന്റെ ദയയും കരുണയും പ്രതികള്‍ക്ക് അസഹനീയമായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു.

മിനസോട്ട സ്വദേശിയായ 24-കാരനായ സാം നോര്‍ഡ്ക്വിസ്റ്റ് 2024 സെപ്റ്റംബര്‍ 28-നാണ് ന്യൂയോര്‍ക്കിലെത്തിയത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അര്‍സുവാഗയുടെ ക്ഷണപ്രകാരമായിരുന്നു യാത്ര. രണ്ടാഴ്ചയ്ക്കുള്ളില്‍ മിനസോട്ടയിലേക്ക് മടങ്ങാനായിരുന്നു നോര്‍ഡ്ക്വിസ്റ്റിന്റെ പദ്ധതിയെങ്കിലും അദ്ദേഹം മടക്കവിമാനത്തില്‍ കയറിയില്ല. 2025 ജനുവരി ഒന്നിന് ശേഷം നോര്‍ഡ്ക്വിസ്റ്റിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതിനെ തുടര്‍ന്ന് ഫെബ്രുവരി ഒമ്പതിന് കുടുംബം ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസില്‍ പരാതി നല്‍കി. ഫെബ്രുവരി 12-ന് യേറ്റ്‌സ് കൗണ്ടിയിലെ ബെന്റണിലുള്ള ഒരു വയലില്‍ അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഹോപ്വെല്ലിലെ ഒരു മോട്ടലില്‍ ദിവസങ്ങളോളം മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് നോര്‍ഡ്ക്വിസ്റ്റ് കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

കേസില്‍ അറസ്റ്റിലായ കൈല്‍ സേജ്, എമിലി മോട്ടിക, പാട്രിക് ഗുഡ്വിന്‍, കിംബര്‍ലി സോച്ചിയ, തോമസ് ഈവ്‌സ് എന്നിവര്‍ക്കെതിരായ നിയമനടപടികളും തുടരുകയാണ്. സേജും മോട്ടികയും രണ്ടാം ഡിഗ്രി കൊലപാതകത്തിലും രണ്ടാം ഡിഗ്രി തട്ടിക്കൊണ്ടുപോകലിലും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സേജിന്റെ ശിക്ഷാവിധി ഡിസംബര്‍ രണ്ടിന് നിശ്ചയിച്ചിരിക്കുകയാണ്. അതേസമയം ഗുഡ്വിന്‍, സോച്ചിയ, ഈവ്‌സ് എന്നിവര്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. മകന്റെ മരണത്തെക്കുറിച്ച് കോടതിയില്‍ വികാരനിര്‍ഭരമായി സംസാരിച്ച അമ്മ ലിന്‍ഡ നോര്‍ഡ്ക്വിസ്റ്റ്, ”മകനെ ചുറ്റിപ്പറ്റിയിരുന്നവര്‍ ഇത്രയും ക്രൂരരായിരുന്നുവെന്ന് അറിഞ്ഞുകൊണ്ട് എങ്ങനെ ജീവിക്കുമെന്ന് അറിയില്ല; ഈ ദുഃഖവുമായി ജീവിക്കാന്‍ പഠിക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നു പറഞ്ഞു.

Case involving the torture and murder of a transgender youth over several days: Two women sentenced to life imprisonment without parole.

Share Email
LATEST excelnclexrn
More Articles
Top