Caritas hospital

നന്ദിഗ്രാമിൽ വൻ നാടകീയ നീക്കം, മമത പിന്തുണച്ച കോൺഗ്രസ് സ്ഥാനാർത്ഥി കൊലപാതകക്കേസിൽ അറസ്റ്റിൽ

നന്ദിഗ്രാമിൽ വൻ നാടകീയ നീക്കം, മമത പിന്തുണച്ച കോൺഗ്രസ് സ്ഥാനാർത്ഥി കൊലപാതകക്കേസിൽ അറസ്റ്റിൽ

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വൻ നാടകീയതകൾ തുടരുന്നു. സ്വന്തം സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതിനെ തുടർന്ന് മമത ബാനർജി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ പോലീസ്‌ അറസ്റ്റ് ചെയ്തു. 2007-ലെ ചരിത്രപരമായ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകക്കേസുമായി ബന്ധപ്പെടുത്തി ബംഗാളിലെ ബി.ജെ.പി. സർക്കാരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മമതയുടെ ബദൽ നീക്കത്തിന് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അറസ്റ്റ്.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മമതയുടെ തൃണമൂൽ വിഭാഗം സ്ഥാനാർത്ഥി സഞ്ജിത പ്രധാൻ അപ്രതീക്ഷിതമായി നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ പിന്തുണയ്ക്കാൻ മമത തീരുമാനിച്ചത്. എന്നാൽ പത്രിക സമർപ്പണ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥി അറസ്റ്റിലായത് സഖ്യത്തിന് വൻ തിരിച്ചടിയായി.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ എം.എൽ.എമാരുടെയും എം.പിമാരുടെയും കൊഴിഞ്ഞുപോക്കും, പാർട്ടി ചിഹ്നവും പേരും നഷ്ടമായതും മമതയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം സ്ഥാനാർത്ഥിയുടെ പിന്മാറ്റവും ഇപ്പോൾ പിന്തുണച്ച കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അറസ്റ്റും ഉണ്ടായിരിക്കുന്നത്. അടുത്ത മാസം ആറിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാൾ രാഷ്ട്രീയം കൂടുതൽ കലുഷിതമായിരിക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top