ആഗോള സാമ്പത്തിക രംഗത്തെയും ഓഹരി വിപണിയെയും അഞ്ചര പതിറ്റാണ്ടിലേറെ നയിച്ച ‘ഒമാഹയിലെ മാന്ത്രികൻ’ വാരൻ ബഫറ്റ് ബെർക്‌ഷെയർ ഹാത്തവേയുടെ ചെയർമാൻ പദവി ഒഴിഞ്ഞു. 96-ാം വയസ്സിലാണ് 56 വർഷം നീണ്ട സേവനത്തിന് ശേഷം അദ്ദേഹം ഈ പദവിയിൽ നിന്ന് പടികളിറങ്ങുന്നത്. എന്നാൽ കമ്പനിയുമായുള്ള ബന്ധം പൂർണ്ണമായി അവസാനിപ്പിക്കാത്ത ബഫറ്റ്, ‘ചെയർമാൻ എമരിറ്റസ്’ പദവിയും ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനവും തുടർന്നും വഹിക്കും.
ബഫറ്റിന് പകരം 1993 മുതൽ കമ്പനിയുടെ ബോർഡ് അംഗമായ മകൻ ഹൊവാർഡ് ബഫറ്റ് ബെർക്‌ഷെയർ ഹാത്തവേയുടെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കും. ഈ വർഷം തുടക്കത്തിൽ കമ്പനിയുടെ സി.ഇ.ഒ. പദവിയിൽ നിന്നും ബഫറ്റ് ഒഴിഞ്ഞിരുന്നു. തുടർന്ന് പ്രമുഖ വ്യവസായി ഗ്രെഗ് ആബെൽ സി.ഇ.ഒ. ആയി സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. കമ്പനി ഓഹരി ഉടമകൾക്കായി എഴുതിയ വൈകാരികമായ കത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം ബഫറ്റ് വ്യക്തമാക്കിയത്.
1965 മുതൽ താൻ ബെർക്‌ഷെയറിനെ സേവിക്കുകയാണെന്നും തന്റെ പ്രായത്തിലുള്ള മറ്റാർക്കും പ്രതീക്ഷിക്കാൻ സാധിക്കാത്ത വിധം ലോകത്തിലെ ഏറ്റവും മികച്ച ജോലിയിലാണ് താൻ ഇത്രയും കാലം ഏർപ്പെട്ടിരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു. ഗ്രെഗ് കമ്പനിയുടെ ഭരണപരമായ കാര്യങ്ങൾ നോക്കിനടത്തുമ്പോൾ, ഹൊവാർഡ് കമ്പനിയുടെ മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കുമെന്നും അദ്ദേഹം കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
ഒരു ടെക്സ്റ്റൈൽ കമ്പനിയായി തുടങ്ങി ഇന്ന് ട്രില്യൺ ഡോളർ മൂല്യമുള്ള വൻകിട നിക്ഷേപ സാമ്രാജ്യമായി ബെർക്‌ഷെയർ ഹാത്തവേയെ വളർത്തിയത് ബഫറ്റിന്റെ ദീർഘവീക്ഷണമാണ്. ഗെയ്കോ, ഡ്യൂറസെൽ, കൊക്കകോള, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ മുൻനിര കമ്പനികളിൽ വലിയ നിക്ഷേപമുള്ള സ്ഥാപനമാണ് ബെർക്‌ഷെയർ. ലോകത്തിലെ പ്രമുഖ ധനികരിൽ ഒരാളായ ബഫറ്റ്, തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച വ്യക്തി കൂടിയാണ്. 2006 മുതൽ ഇതുവരെ 66 ബില്യൺ ഡോളറിന്റെ ഓഹരികളാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്തത്.
















