swayamvara
pulimoottil

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ശ്രമം തടസ്സമില്ലാതെ തുടരുന്നു, അത്ഭുതമൊന്നും കൈയ്യിലില്ല; ജനങ്ങളുടെ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും മന്ത്രി

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ശ്രമം തടസ്സമില്ലാതെ തുടരുന്നു, അത്ഭുതമൊന്നും കൈയ്യിലില്ല; ജനങ്ങളുടെ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്നും മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. നിലവിലെ അടിയന്തര സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദപ്രകടനം നടത്തിയ മന്ത്രി, പ്രശ്നം മറികടക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. ഇത് ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല സംഭവിച്ചതെന്നും പ്രതികൂല കാലാവസ്ഥയാണ് കാരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹരിക്കാവുന്ന വിഷയമല്ല ഇതെന്നും മഴ ലഭ്യതയെക്കൂടി ആശ്രയിച്ചാണ് പൂർണ്ണമായ പരിഹാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പകൽ സമയത്തും രാത്രിയിലുമുള്ള വൈദ്യുതി ലഭ്യതയും ഉപയോഗവും തമ്മിലുള്ള വലിയ വ്യത്യാസമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഒരു യൂണിറ്റിന് 10 മുതൽ 16 രൂപ വരെ നൽകാൻ തയ്യാറായാൽ പോലും രാത്രികാലങ്ങളിൽ വിപണിയിൽ വൈദ്യുതി ലഭ്യമല്ല. മഴ കുറയുകയും ചൂട് വർധിക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ഉത്പാദനം ഇടിയുകയും ശരാശരി ആവശ്യം 5200 മെഗാവാട്ടായി ഉയരുകയും ചെയ്തു. ഇത് 700 മുതൽ 900 മെഗാവാട്ടിന്റെ വരെ കുറവാണ് വരുത്തിവെച്ചത്. ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് കേരളം സ്വയം ഉത്പാദിപ്പിക്കുന്നത്. ബാക്കി 75 ശതമാനത്തിനും കേന്ദ്ര ഏജൻസികളെയോ മറ്റ് പവർ പ്ലാന്റുകളെയോ ആണ് ആശ്രയിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാൻ കായംകുളം എൻ.ടി.പി.സി വഴി വൈദ്യുതി ലഭ്യത വർധിപ്പിക്കാനും ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ നടപ്പിലാക്കാനും ബോർഡ് ശ്രമിക്കുന്നുണ്ട്. കൂടാതെ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെയും റീജണൽ ലോഡ് ഡിസ്പാച്ചിങ് സെന്ററിന്റെയും നിർദ്ദേശപ്രകാരമാണ് നിലവിൽ വിതരണം ക്രമീകരിക്കുന്നത്. വൈദ്യുതി മുടങ്ങുന്ന സമയം നൂറ് ശതമാനം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും പരമാവധി മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top