വാഷിങ്ടണ്‍: അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കുനേരെ ക്രൂര ആക്രമണം. ശുചിമുറിയില്‍ കയറിയ ഡ്രൈവറെ ഒരാള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയും നിരവധി തവണ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ട്രംപ് ടീമിന്റെ ‘മിസ്റ്റര്‍ സിങ്’ എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ചയായിരിക്കുകയാണ്.
ആക്രമണത്തില്‍ 17 തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിങ്, സുരക്ഷയെക്കുറിച്ചുള്ള ഭയം കാരണം തന്റെ പേരിന്റെ അവസാനഭാഗം മാത്രമാണ് പുറത്തുവിടാന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ താന്‍ ഇപ്പോഴും നടുങ്ങിയിരിക്കുകയാണെന്നും എന്തുകൊണ്ടാണ് തന്നെ ലക്ഷ്യമിട്ടതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പെന്‍സില്‍വാനിയയിലേക്ക് ട്രക്ക് ഓടിച്ചുപോകുന്നതിനിടെ തെക്കന്‍ വ്യോമിങ്ങിലെ ഒരു വിശ്രമകേന്ദ്രത്തില്‍ ശുചിമുറി ഉപയോഗിക്കാനായി സിങ് വാഹനം നിര്‍ത്തുകയായിരുന്നു. ശുചിമുറിയിലേക്ക് നടക്കുന്നതിനിടെ ഒരാള്‍ തനിക്ക് പിന്നാലെ വരുന്നത് ശ്രദ്ധിച്ചെങ്കിലും ആദ്യം അതില്‍ സംശയം തോന്നിയില്ലെന്ന് സിങ് പറഞ്ഞു.
എന്നാല്‍ അകത്ത് എത്തിയതിന് പിന്നാലെ ഇയാള്‍ സിങിനെ ആക്രമിച്ചതായാണ് ആരോപണം. ആദ്യം മര്‍ദിച്ച ശേഷം കത്തി പുറത്തെടുത്ത് തുടര്‍ച്ചയായി കുത്തുകയായിരുന്നുവെന്ന് സിങ് പറഞ്ഞു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ സിങിന്റെ കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തന്നെ എന്തിനാണ് ലക്ഷ്യമിട്ടതെന്ന് അറിയില്ലെന്ന് സിങ് ആവര്‍ത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
Sikh driver brutally attacked in the US; stabbed 17 times.
















