കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സമസ്ത ഇ.കെ വിഭാഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം’. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർക്കെതിരെ സതീശൻ നടത്തിയ പ്രസ്താവനകളെ പരാമർശിച്ച് ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ലേഖനത്തിലൂടെയാണ് സമസ്ത എതിർപ്പ് രേഖപ്പെടുത്തിയത്. കാന്തപുരത്തിനെതിരായ സതീശന്റെ പരാമർശം ‘കുരുടൻ ആനയെ തൊട്ടത്’ പോലെയാണെന്ന് ലേഖനത്തിൽ പരിഹസിക്കുന്നു.
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇപ്പോൾ വാചാലനാകുന്ന സതീശൻ മുൻപ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ശക്തമായി എതിർത്ത വ്യക്തിയാണെന്ന് എഡിറ്റോറിയൽ ഓർമ്മിപ്പിച്ചു. മുസ്‍ലിം സമുദായത്തിന്റെ പിന്തുണയോടെയാണ് താൻ മുഖ്യമന്ത്രി സ്ഥാനത്തെത്തിയത് എന്ന പ്രതിച്ഛായ മാറ്റിയെടുക്കാനാണ് സതീശൻ ഇപ്പോൾ ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഇത്തരം നിലപാടുകളെന്നും ലേഖനം ആരോപിക്കുന്നു. മുനമ്പം ഭൂമി വിഷയം വഖഫ് സ്വത്തല്ലെന്ന് സതീശൻ പരസ്യമായി പ്രഖ്യാപിച്ചതും ഇതിന്റെ തെളിവായി എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെക്കുറിച്ച് കാന്തപുരം നടത്തിയ പരാമർശം ഇസ്‍ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും വി.ഡി. സതീശൻ നേരത്തെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോൾ സമസ്ത മുഖപത്രം സതീശനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

















