swayamvara
pulimoottil

ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യുഎസ്എ

ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യുഎസ്എ

വാഷിങ്ടണ്‍: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് നടപടി. ഇറാന്റെ രണ്ട് എണ്ണക്കപ്പലുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാക്കിയെന്നും മറ്റൊന്ന് പൂര്‍ണമായി തകര്‍ത്തുവെന്നും സെന്റ്‌കോം വ്യക്തമാക്കി.

യുഎസ് വിമാനവാഹിനിക്കപ്പലിനും ഒരു ഡിസ്ട്രോയറിനും നേരെയാണ്‌ഐആര്‍ജിസി മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യത്തിന്റെ ആരോപണം. എന്നാല്‍ രണ്ട് യുഎസ് കപ്പലുകള്‍ക്കും കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും സെന്റ്‌കോം അറിയിച്ചു. വിമാനവാഹിനിക്കപ്പലിനെ ലക്ഷ്യമിട്ടത് ശ്രദ്ധേയമായ പ്രകോപനമാണെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് നേരെയും മറ്റ് മേഖലകളില്‍ അമേരിക്കയുമായി ബന്ധമുള്ള മൂന്ന് കപ്പലുകള്‍ക്ക് നേരെയും ആക്രമണം നടത്തിയതായി ഇറാന്റെ ഐആര്‍ജിസി നാവികസേന അവകാശപ്പെട്ടു. ”അനധികൃത പാത”യിലൂടെ സഞ്ചരിച്ച എണ്ണക്കപ്പലുകളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ വിശദീകരണം. പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിന് സമീപവും സഞ്ചരിക്കുന്ന മറ്റ് കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ എണ്ണക്കപ്പലുകള്‍ ഐആര്‍ജിസിയ്ക്കും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അതിന്റെ സഖ്യകക്ഷികള്‍ക്കും ധനസഹായം നല്‍കുന്ന കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ”ഷാഡോ നെറ്റ്വര്‍ക്കിന്റെ” ഭാഗമാണെന്നാണ് സെന്റ്‌കോം ആരോപിച്ചത്. യുഎസ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ അതിന് കൂടുതല്‍ ശക്തമായ സാമ്പത്തിക തിരിച്ചടി നേരിടേണ്ടിവരുമെന്ന് സെന്റകോം കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ സേനയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ മടിക്കില്ലെന്നും ഇറാന്റെ പരിമിതവും എളുപ്പത്തില്‍ ലക്ഷ്യമിടാവുന്നതുമായ എണ്ണക്കപ്പല്‍ വ്യവസ്ഥയെ ആവശ്യമായ സാഹചര്യത്തില്‍ തകര്‍ക്കുമെന്നും കൂപ്പര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഇറാന്റെ ആരോപണങ്ങളില്‍ യുഎസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണങ്ങളും പരസ്പര ആരോപണങ്ങളും.

USA claims attacks on three Iranian oil tankers.

Share Email
Top