വാഷിങ്ടണ്: യുഎസിലെ അറോറ മേഖലയിലെ ഹൈന്ദവ ക്ഷേത്രത്തില് കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടെന്ന ആരോപണത്തില് 19കാരന് അറസ്റ്റില്. പലറ്റൈന് സ്വദേശിയായ അലക്സാന്ഡ്രോസ് പപൊറാക്കിസിനെയാണ് പൊലീസ് പിടികൂടിയത്. ഹൈന്ദവ ആരാധനാലയത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താന് ഇയാള് പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര് സംശയിക്കുന്നു. വെളുത്ത വര്ഗത്തിന്റെ മേധാവിത്വം പ്രചരിപ്പിക്കുന്ന ആശയങ്ങളും ഇന്ത്യന് വംശജര്ക്കെതിരായ അക്രമത്തെക്കുറിച്ചുള്ള പരാമര്ശങ്ങളും ഉള്പ്പെട്ട രേഖ ഇയാളില്നിന്ന് കണ്ടെത്തിയതായും അധികൃതര് അറിയിച്ചു. അറോറ മേഖലയിലെ ഹൈന്ദവക്ഷേത്രം ലക്ഷ്യമിട്ടുള്ള ആക്രമണപദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
നവരാത്രി ആരംഭിച്ച സമയത്താണ് സംഭവം പുറത്തുവന്നത്. ഒഹായോയിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായണ് വട്താല് ധാം ഹിന്ദു മന്ദിര് ആക്രമിക്കപ്പെട്ട് രണ്ടാഴ്ച തികയുന്നതിനിടെയാണ് പുതിയ സംഭവം. ബുധനാഴ്ച റോളിങ് മെഡോസിലെ കുക്ക് കൗണ്ടി കോടതിയില് ഹാജരാക്കിയ പപൊറാക്കിസിനെ കസ്റ്റഡിയില് തുടരാന് ജഡ്ജി ഉത്തരവിട്ടു. അടുത്ത വാദം ഈ മാസം 30ന് നടക്കും. രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിലാണ് പലറ്റൈനിലെ ടാക്കോ ബെല് ഭക്ഷണശാലയില് കാഷ്യറായി ജോലി ചെയ്തിരുന്ന ഇയാള്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. കൂട്ടവെടിവയ്പ്പ് നടത്താനുള്ള പദ്ധതിയെക്കുറിച്ചുള്ള രേഖയും റൈഫിള്, വെടിയുണ്ടകള് സൂക്ഷിക്കുന്ന മാഗസിനുകള്, ബോഡി ആര്മര്, മറ്റ് തന്ത്രപ്രധാന ഉപകരണങ്ങള് എന്നിവയുടെ ചിത്രങ്ങളും ഇയാള് വിവരദാതാവിന് കൈമാറിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നു.
ഒക്ടോബര് 11 ഞായറാഴ്ച ആക്രമണം നടത്താന് ഇയാള് പദ്ധതിയിട്ടിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറോറ മേഖലയിലെ ഹിന്ദു ആരാധനാലയം ലക്ഷ്യമിട്ടിരിക്കാമെന്നും എന്നാല് കൃത്യമായ ലക്ഷ്യസ്ഥാനം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച ഒരു പ്രത്യേക ദിവസമായിരിക്കുമെന്ന് ഇയാള് സഹപ്രവര്ത്തകരോട് പറഞ്ഞിരുന്നതായും റിപ്പോര്ട്ടുകളുണ്ട്. അന്നുതന്നെ ഒരു സഹപ്രവര്ത്തകനെ ഫോണില് വിളിച്ച് തന്റെ തോക്ക് ജാം ആയെന്നും ആരുടെയും ശ്രദ്ധയില്പ്പെടാതെ വേഗത്തില് അവിടെനിന്ന് പോയെന്നും ഇയാള് പറഞ്ഞതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
ഒക്ടോബര് 11ന് വൈകുന്നേരം വീട്ടില്നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് പലറ്റൈന്, മൗണ്ട് പ്രോസ്പെക്ട് പൊലീസ് വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്. തുടര്ന്ന് നടത്തിയ പരിശോധനയില് ഒരു റൈഫിള്, നിറച്ച നിലയിലുള്ള ഒന്നിലധികം മാഗസിനുകള്, നൂറുകണക്കിന് റൈഫിള് വെടിയുണ്ടകള്, തന്ത്രപ്രധാന ഉപകരണങ്ങള് എന്നിവ കണ്ടെടുത്തതായി അധികൃതര് പറഞ്ഞു. തീവ്രവാദ ഭീഷണി മുഴക്കിയതിനും നിയമവിരുദ്ധമായി ആയുധം കൈവശംവെച്ചതിനുമാണ് ഇയാള്ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 16 ഇഞ്ചില് താഴെ നീളമുള്ള ബാരലുള്ള റൈഫിള് കൈവശംവെച്ചതും ആയുധക്കുറ്റത്തില് ഉള്പ്പെടുന്നു. എഫ്ബിഐയുമായി ചേര്ന്ന് അന്വേഷണം തുടരുകയാണെന്നും കൂടുതല് കുറ്റങ്ങള് ചുമത്താനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
19-year-old planned a massacre at a Hindu temple in the Aurora area; reports indicate a major tragedy was averted after his gun jammed.



















