ന്യൂയോര്‍ക്കില്‍ ഐസിഇ ഉദ്യോഗസ്ഥരുടെ വെടിയേറ്റ യുവാവിന്റെ കഴുത്തില്‍ ഇപ്പോഴും വെടിയുണ്ട; വേദനയ്ക്ക് നല്‍കുന്നത് ഐബുപ്രോഫന്‍ മാത്രമെന്ന് അഭിഭാഷകര്‍

ന്യൂയോര്‍ക്കില്‍ ഐസിഇ ഉദ്യോഗസ്ഥരുടെ വെടിയേറ്റ യുവാവിന്റെ കഴുത്തില്‍ ഇപ്പോഴും വെടിയുണ്ട; വേദനയ്ക്ക് നല്‍കുന്നത് ഐബുപ്രോഫന്‍ മാത്രമെന്ന് അഭിഭാഷകര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ യുവാവിന്റെ കഴുത്തില്‍ ഇപ്പോഴും വെടിയുണ്ട കുടുങ്ങിക്കിടക്കുകയാണെന്ന് അഭിഭാഷകര്‍. സംഭവത്തിന് ഏകദേശം ഒരാഴ്ച പിന്നിട്ടിട്ടും ഓസ്‌കര്‍ ബെല്‍ഗല്‍ എന്ന 28കാരന്‍ തടങ്കല്‍ കേന്ദ്രത്തില്‍ കഴിയുകയാണെന്നും വെടിയേറ്റതിനെത്തുടര്‍ന്നുള്ള വേദനയ്ക്ക് ഐബുപ്രോഫന്‍ മാത്രമാണ് നല്‍കുന്നതെന്നും അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക് സ്വദേശിയായ ബെല്‍ഗലിന് വെടിയേല്‍ക്കുമ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ അഞ്ചുവയസുള്ള മകനുമുണ്ടായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച മാന്‍ഹട്ടനില്‍വെച്ചാണ് ബെല്‍ഗലിന് വെടിയേറ്റത്. കഴുത്തില്‍ വെടിയുണ്ട കുടുങ്ങിക്കിടക്കുന്നതിനാല്‍ മുഖത്തിന്റെ ഇടതുഭാഗം മരവിച്ച അവസ്ഥയിലാണെന്നും ഇടത് ചെവിക്ക് കേള്‍വിക്കുറവുണ്ടെന്നും ലീഗല്‍ എയ്ഡ് സൊസൈറ്റിയിലെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ പ്രത്യേക തടങ്കല്‍ വിഭാഗത്തിലാണ് ബെല്‍ഗലിനെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നടപടികളുമായി ഫെഡറല്‍ അധികൃതര്‍ മുന്നോട്ടുപോകുകയാണെന്നും അഭിഭാഷകര്‍ ആരോപിച്ചു.

ബെല്‍ഗലിനെ നാടുകടത്തുകയോ ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ്, ന്യൂയോര്‍ക്ക് ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ്, ന്യൂജേഴ്സി ഡിസ്ട്രിക്റ്റ് എന്നിവയ്ക്ക് പുറത്തേക്ക് മാറ്റുകയോ ചെയ്യരുതെന്ന് ബുധനാഴ്ച ഫെഡറല്‍ ജഡ്ജി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. വ്യക്തിഗത സാഹചര്യങ്ങള്‍ പരിഗണിക്കാതെയോ ജാമ്യസാധ്യത പരിശോധിക്കാതെയോ ബെല്‍ഗലിനെ നിര്‍ബന്ധിതമായി തടങ്കലില്‍ പാര്‍പ്പിക്കേണ്ടതിന്റെ കാരണം വിശദീകരിക്കാനും ജഡ്ജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാറന്റില്ലാതെയാണ് ഐസിഇ ഉദ്യോഗസ്ഥര്‍ ബെല്‍ഗലിനെ അറസ്റ്റ് ചെയ്തതെന്നാണ് അഭിഭാഷകരുടെ വാദം. അതേസമയം, ബെല്‍ഗലിന് ഒരു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും സംഘവുമായി ബന്ധമുണ്ടെന്നും ആരോപിച്ച ആഭ്യന്തര സുരക്ഷാ വകുപ്പ്, അറസ്റ്റ് ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ ഉപയോഗിച്ച് കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വാഹനം ആയുധംപോലെ ഉപയോഗിച്ചുവെന്നും ആരോപിച്ചിരുന്നു. എന്നാല്‍, സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ബെല്‍ഗല്‍ നിഷേധിച്ചു. ഐസിഇ ഇതിന് തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും അഭിഭാഷകര്‍ പറയുന്നു.

A bullet remains lodged in the neck of the young man shot by ICE officers in New York; lawyers state that only Ibuprofen is being administered for the pain.

Share Email
LATEST excelnclexrn
More Articles
Top