വാഷിംഗടണ്‍: വൈറ്റ് ഹൗസിലെ നവീകരണ പ്രവര്‍ത്തനങ്ങളെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പരിഹസിച്ചതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒബാമയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിയില്ലെന്നും അദ്ദേഹം മോശം പ്രസിഡന്റായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന് ആരംഭിച്ച ചീസ്കേക്ക് ഫാക്ടറിയോട് വൈറ്റ് ഹൗസിന്റെ അലങ്കാരങ്ങളെ ഉപമിച്ചായിരുന്നു ഒബാമയുടെ പരിഹാസം. നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുനേതാക്കളും തമ്മിലുള്ള വാക്പോര് വീണ്ടും ശക്തമായിരിക്കുകയാണ്.
വൈറ്റ് ഹൗസ് അമേരിക്കയുടെ പ്രതീകമാണെന്നും കെട്ടിടം ശരിയായ രീതിയില്‍ പരിപാലിക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. ഒബാമയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.ഒബാമയ്ക്ക് അത് വിശദീകരിച്ചുകൊടുക്കേണ്ടതുണ്ട്. കാരണം, അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലാകുന്നില്ല. അദ്ദേഹം ബുദ്ധിയുള്ള വ്യക്തിയല്ല. രാജ്യം അദ്ദേഹം ഭരിച്ച രീതി നോക്കിയാല്‍, അത്തരത്തില്‍ രാജ്യം ഭരിക്കാന്‍ ഒരു വിഡ്ഢിക്കേ കഴിയൂ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കെട്ടിടത്തിലെ അഴുക്കും കേടുപാടുകളും തകര്‍ന്ന അലങ്കാരവസ്തുക്കളും ഒബാമ ശ്രദ്ധിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
ഒഹായോയില്‍ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു ഒബാമയുടെ പരിഹാസം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥി ആമി ആക്ടണിനും സെനറ്റ് സ്ഥാനാര്‍ഥി ഷെറോഡ് ബ്രൗണിനും വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു പരാമര്‍ശം. രാജ്യത്ത് ജീവിതച്ചെലവ് വര്‍ധിക്കുന്നതിനിടെ ട്രംപ് വൈറ്റ് ഹൗസിന്റെ നവീകരണത്തിന് അമിതപ്രാധാന്യം നല്‍കുകയാണെന്ന് ഒബാമ വിമര്‍ശിച്ചു. അദ്ദേഹം വീടിന്റെ നവീകരണത്തിലാണ് ഏറെ ശ്രദ്ധിക്കുന്നത്. എച്ച്ജിടിവിയില് ജോലി ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലത്. എല്ലായിടത്തും സ്വര്‍ണമാണ്. സദ്ദാം ഹുസൈന് ഒരു ചീസ്കേക്ക് ഫാക്ടറി തുടങ്ങിയതുപോലെയാണ് അദ്ദേഹം വൈറ്റ് ഹൗസിനെ മാറ്റിയിരിക്കുന്നതെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം.
ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയായി വൈറ്റ് ഹൗസിലെ നവീകരണ പ്രവര്‍ത്തനങ്ങളെ ട്രംപ് ന്യായീകരിച്ചു. പുതിയ ബാള്‍റൂം, ഹെലിപാഡ് എന്നിവയുടെ നിര്‍മാണത്തിനൊപ്പം കെട്ടിടത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതും തന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനലുകളും ടൈലുകളും മാറ്റുന്നതും മാര്‍ബിള്‍ ഭാഗങ്ങളും ചായം പൂശിയ തൂണുകളും അറ്റകുറ്റപ്പണി നടത്തുന്നതും ഉള്‍പ്പെടെയുള്ള ജോലികളെക്കുറിച്ചും ട്രംപ് വിശദീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വളരെ കുറച്ച് സമയം മാത്രമാണ് ചെലവഴിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം ജോലികള്‍ തനിക്ക് ആശ്വാസം നല്‍കുന്നുവെന്നും അവ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
‘Obama lacks intelligence, he was a bad president’; Trump hits back at Obama for mocking White House renovations



















