കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില് ജയിലിലായ മുന് ഡിജിപി ടോമിന് ജെ. തച്ചങ്കരിക്ക് ആശ്വാസം. കോട്ടയം വിജിലന്സ് കോടതി വിധിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചു. കോട്ടയം വിജിലന്സ് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നല്കിയ അപ്പീല് ഹര്ജി പരിഗണിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്.
നാല് വര്ഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷയായിരുന്നു മുമ്പ് വിധിച്ചിരുന്നത്. തെളിവുകളുടെയും ആനുകൂല്യങ്ങളുടെയും അടിസ്ഥാനത്തില് സാധ്യമായ എല്ലാ ഇളവുകളും നല്കിയ ശേഷവും അദ്ദേഹത്തിന്റെ കൈവശമുള്ളത് വരുമാനത്തിന്റെ 52.33 ശതമാനത്തോളം വരുന്ന അനധികൃത സ്വത്താണെന്നായിരുന്നു വിജിലന്സ് കോടതിയുടെ കണ്ടെത്തല്.
വിജിലന്സ് കോടതിയുടെ വിധി ചോദ്യം ചെയ്തും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. തച്ചങ്കരിക്ക് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് രാമന് ബി. പിള്ളയുടെയും പ്രോസിക്യൂഷന്റെയും വിശദമായ വാദങ്ങള് കഴിഞ്ഞ മാസം കേട്ട കോടതി, വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.
Relief for Thachankary: High Court stays prison sentence



















