ന്യൂയോര്‍ക്ക്: ലൈംഗിക കടത്തും ലൈംഗികാതിക്രമവും ഉള്‍പ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അലക്സാണ്ടര്‍ സഹോദരന്മാര്ക്ക് 30 വര്‍ഷം വീതം തടവുശിക്ഷ. മുന്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖരായ ഒറന്‍ അലക്സാണ്ടര്‍, അലോണ്‍ അലക്സാണ്ടര്‍ എന്നീ 39കാരായ ഇരട്ട സഹോദരന്മാര്ക്കും ഇവരുടെ ജേഷ്ട സഹോദരന് 40 കാരനായ ടാല് അലക്സാണ്ടര്‍ക്കുമാണ് ന്യൂയോര്‍ക്ക് കോടതിയുടെ ശിക്ഷ. ഫെഡറല്‍ തലത്തില്‍ നടന്ന വിചാരണയില്‍ ചുമത്തിയ എല്ലാ കുറ്റങ്ങളിലും മൂവരും കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. പത്തുവര്‍ഷത്തോളം നീണ്ട ലൈംഗിക കടത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും പദ്ധതിയില്‍ സഹോദരന്മാര് പങ്കാളികളായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
ജയില്‍ശിക്ഷയ്ക്കു പുറമേ, മൂന്നുപേര്‍ക്കും പത്തുവര്‍ഷത്തെ നിരീക്ഷണകാലവും കോടതി വിധിച്ചു. ജയിലില്‍ ലൈംഗിക കുറ്റവാളികള്‍ക്കായുള്ള ചികിത്സാ പരിപാടികളില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഒറനും അലോണും മൂന്ന് ലക്ഷം ഡോളര്‍ വീതം പിഴയടയ്ക്കണം. ടാല് അലക്സാണ്ടര്‍ 3.5 ലക്ഷം ഡോളര്‍ പിഴ നല്‍കണം. ഇരകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക ഇരുവിഭാഗങ്ങളിലെയും അഭിഭാഷകര്‍ തമ്മിലുള്ള നടപടികള്‍ക്കുശേഷം തീരുമാനിക്കും. 2009ല്‍ 17കാരിയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഉള്ളടക്കം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലും ഒറന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി അധികമായി 50,000 ഡോളര്‍ ഉടന്‍ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
മൂവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നാണ് അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണി എലിസബത്ത് എസ്പിനോസ കോടതിയോട് ആവശ്യപ്പെട്ടത്. ആഡംബര ജീവിതവും പ്രത്യേക പാര്‍ട്ടികളും വാഗ്ദാനം ചെയ്ത് സ്ത്രീകളെ ആകര്‍ഷിക്കുകയും പിന്നീട് മയക്കുമരുന്ന് നല്കി പ്രതിരോധശേഷി ഇല്ലാതാക്കി ബലാത്സംഗം ചെയ്യുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. പത്തിലധികം വര്‍ഷം ആവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഈ പ്രവൃത്തികളില്‍ എഴുപതിലധികം സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവന്നതായും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. എന്നാല്‍, സഹോദരന്മാര് കുറ്റം നിഷേധിച്ചു. കുറഞ്ഞത് 15 വര്‍ഷത്തെ തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. തങ്ങള്‍ ആരെയും ബലാത്സംഗം ചെയ്യുകയോ മയക്കുമരുന്ന് നല്‍കുകയോ ലൈംഗിക കടത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാന്‍ഹട്ടനിലെ കോടതിയില്‍ സഹോദരന്മാര് തങ്ങളുടെ നിരപരാധിത്വം ആവര്‍ത്തിച്ചു. ഇതിനെ വിമര്‍ശിച്ച ജഡ്ജി വലേരി കാപ്രോണി, പ്രതികള്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനെ ചോദ്യം ചെയ്തു.
Sex trafficking case: Alexander brothers, prominent real estate figures, sentenced to 30 years in prison each



















