ടല്ലാഹസി: ഫ്ലോറിഡ എ ആന്‍ഡ് എം സര്‍വകലാശാലയ്ക്ക് സമീപമുണ്ടായ വെടിവയ്പില്‍ ആറ് കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച സര്‍വകലാശാലയുടെ ഹോംകമിങ് വാരാന്ത്യത്തോടനുബന്ധിച്ച് ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. തിരക്കേറിയ പ്രദേശത്ത് നടന്ന വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
ഫുട്ബോള്‍ മത്സരം നടന്നതിന് പിന്നാലെയാണ് വെടിവയ്പുണ്ടായത്. സംഭവത്തിന് മുമ്പ് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ടല്ലാഹസ്സി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കേറ്റ 12 പേരില്‍ 11 പേര്‍ക്കും വെടിയേറ്റതാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ടല്ലാഹസ്സി പൊലീസ് മേധാവി ലോറന്‍സ് റെവല് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെടിവയ്പിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികളും പൊലീസ് പരിശോധിച്ചുവരികയാണ്.
വെടിവയ്പ് സര്‍വകലാശാലാ ക്യാംപസിന് സമീപമാണ് നടന്നതെന്ന് ഫ്ലോറിഡ എ ആന്‍ഡ് എം സര്‍വകലാശാല സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം, സര്‍വകലാശാലാ ക്യാംപസ് സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജനത്തിരക്കേറിയ സ്ഥലത്ത് ഫുട്ബോള്‍ മത്സരത്തിന് പിന്നാലെയുണ്ടായ വെടിവയ്പ് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Shooting near the University of Florida; 12 people, including six children, injured.



















