ടെക്സസ്: നവംബർ മൂന്നിന് നടക്കാനിരിക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണത്തിനിടയിൽ മസാല ദോശയുണ്ടാക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ടെക്സസിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി ജെയിംസ് ടലാറിക്കോ. ഇർവിങ്ങിലെ ‘മദിര എൻ മസാല’ എന്ന റസ്റ്റോറന്റിൽ വെച്ചാണ് ടലാറിക്കോ ദോശ ഉണ്ടാക്കിയത്. ഒക്ടോബർ 29-ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ എബിസി ന്യൂസ് അഫിലിയേറ്റായ ഡബ്ല്യു.എഫ്.എ.എ പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
അടുപ്പിൽ ദോശമാവ് ഒഴിച്ച് വൃത്താകൃതിയിൽ പരത്തി, അതിലേക്ക് മസാലക്കൂട്ടുകൾ നിറച്ച് വിദഗ്ധമായി മടക്കി പ്ലേറ്റിലേക്ക് മാറ്റുന്ന ടലാറിക്കോയുടെ ദോശ പാചകം അവിടെയെത്തിയവരുടെ കയ്യടി നേടി. ടെക്സസ് അറ്റോർണി ജനറലും ട്രംപിന്റെയും മാഗ വിഭാഗത്തിന്റെയും ശക്തമായ പിന്തുണയുള്ളയാളുമായ കെൻ പാക്സ്റ്റുനാണ് തിരഞ്ഞെടുപ്പിൽ ടലാറിക്കോയുടെ പ്രധാന എതിരാളി. ട്രംപ് പലപ്പോഴും ടലാറിക്കോയെ ‘തലഫ്രീകോ’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇർവിങ്ങിലെത്തിയ ടലാറിക്കോ, ടെക്സസിന്റെ വൈവിധ്യത്തെയും കുടിയേറ്റത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു. നമ്മുടെ വൈവിധ്യമാണ് നമ്മുടെ ശക്തിയെന്നും, അതിനെ ആയുധമാക്കാതെ ഒപ്പമുണ്ടാകുന്ന ഒരു സെനറ്ററെയാണ് സംസ്ഥാനത്തിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ-അമേരിക്കൻ ജനസംഖ്യയും റസ്റ്റോറന്റുകളും ഏറെയുള്ള ഇർവിങ്ങിലെ ഈ വ്യത്യസ്തമായ കാമ്പെയ്ൻ രീതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.



















