വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയും സമ്മര്‍ദവും ചെലുത്തുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് നീതിന്യായ വകുപ്പിനോട് ഉത്തരവിട്ട് ഫെഡറല്‍ കോടതി. കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് നീതിന്യായ വകുപ്പിനെ താല്‍ക്കാലികമായി വിലക്കിയാണ് ഫെഡറല്‍ ജഡ്ജി ട്രിന തോംസണ്‍ വെള്ളിയാഴ്ച ഉത്തരവിറക്കിയത്. ട്രംപ് ഭരണകൂടത്തിന് നിയമപരമായ തിരിച്ചടിയായാണ് കോടതി നടപടി വിലയിരുത്തപ്പെടുന്നത്. യുഎസ് പൗരന്മാരല്ലാത്തവരുടേതാണെന്ന് ആരോപിക്കുന്ന ആയിരക്കണക്കിന് ബാലറ്റുകള്‍ എണ്ണുന്നതില്നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് കോടതിയുടെ ഇടപെടല്‍.
കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സംഘടന ഉള്‍പ്പെടെ മനുഷ്യാവകാശ സംഘടനകളുടെയും തൊഴിലാളി യൂണിയനുകളുടെയും കൂട്ടായ്മയാണ് വ്യാഴാഴ്ച കോടതിയെ സമീപിച്ചത്. വോട്ടുചെയ്യാന്‍ അര്ഹതയില്ലാത്തവരുടേതാണെന്ന് നീതിന്യായ വകുപ്പ് ആരോപിക്കുന്ന ബാലറ്റുകള്‍ എണ്ണുന്ന ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന നടപടി തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 16 വരെ പ്രാബല്യമുള്ള താല്‍ക്കാലിക നിരോധന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.
വോട്ടുചെയ്യാന്‍ അര്ഹതയില്ലാത്തവരുടേതാണെന്ന് നീതിന്യായ വകുപ്പ് ആരോപിക്കുന്നുവെന്ന കാരണത്താല്‍ മാത്രം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ ബാലറ്റുകളുടെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്യരുതെന്ന് ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടപടികളില്‍ നിയമപരമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
ഇതിനുപുറമെ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ള ഗ്രാന്‍ഡ് ജൂറി സമന്‍സുകളെക്കുറിച്ചും പരിശോധനാ വാറണ്ട് അപേക്ഷകളെക്കുറിച്ചും കോടതിയെ അറിയിക്കാനും നീതിന്യായ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി ഈ ആഴ്ച പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രാന്‍ഡ് ജൂറി സമന്‍സുകള്‍ അയച്ചതായി വിഷയവുമായി ബന്ധപ്പെട്ട ഒന്നിലധികം വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കോടതിയുടെ ഉത്തരവിനോട് നീതിന്യായ വകുപ്പിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും വോട്ടവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും ഫെഡറല്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ തുടരുന്നതിനിടെയാണ് പുതിയ കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കോടതി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നവംബര്‍ 16 വരെ തുടരും.
Threats against election officials must end; Federal Court issues order to the Department of Justice



















